മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍ തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ എം. യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ എസ്.എന്‍. ശ്രുതി (25), കോഴിക്കോട് വെള്ളിമാടുകുന്ന് മേരിക്കുന്ന് കുനിയിടത്തുതാഴം ഭാഗത്ത് നൗഫത്ത്മഹല്‍ പി.ടി. നൗഷാദ് (40) എന്നിവരാണ് പിടിയിലായത്.

കാട്ടിക്കുളം ബാവലി റോഡില്‍വെച്ചാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പിടികൂടിയ എം.ഡി.എം.എ.യ്ക്ക് വിപണിയില്‍ പത്തുലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി. ലത്തീഫ്, സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ. അനൂപ്, കെ. വിബിന്‍, കെ.എസ്. സനൂപ്, ഇ. സാലിം, വി.പി. വിജീഷ്‌കുമാര്‍, വനിതാ സി.ഇ.ഒ. കെ.ഇ. ഷൈനി, എം.വി. അബ്ദുറഹിം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.