അടിമാലി: ആനക്കൊമ്പുമായി മൂന്നുപേരെ വനപാലകർ പിടികൂടി. രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി. ഇരുമ്പുപാലം പടികപ്പ് സ്വദേശികളായ സുനിൽ (40), സനോജ് (35), ബിജു (40) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പത്താംമൈൽ തൊട്ടിയാർ ഭാഗത്തുവെച്ച് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 22 കിലോയുള്ള രണ്ട് ആനക്കൊമ്പും പിടികൂടി. ഒരു കൊമ്പിന് മൂന്നടി നീളമുണ്ട്. ഇതിന് പൊതുവിപണിയിൽ 30 ലക്ഷം രൂപയോളം വിലവരും.
ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. സാജു വർഗീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ബുധനാഴ്ച രാവിലെ വനപാലകർ കച്ചവടക്കാരുടെ വേഷത്തിൽ പ്രതികളെ സമീപിച്ചു. 25 ലക്ഷം രൂപ വില സമ്മതിച്ചു. ഉച്ചയോടെ പ്രതികൾ ആനക്കൊമ്പുമായി തൊട്ടിയാർ പദ്ധതിപ്രദേശത്ത് എത്തി. കാത്തുനിന്ന വനപാലകർ സനോജിനെയും സുനിലിനെയും കസ്റ്റഡിയിലെടുത്തു.
ഓട്ടോയിൽ അഞ്ചുപേർ ഉണ്ടായിരുന്നു. മൂന്നുപേർ ഓടിരക്ഷപ്പെട്ടു. വൈകുന്നേരത്തോടെ ബിജുവിനെ വാളറയിൽ നിന്ന് പിടികൂടി. തൊട്ടിയാർ പ്രദേശത്തെ ആദിവാസികളിൽ നിന്ന് ലഭിച്ചതാണ് ആനക്കൊമ്പുകളെന്നാണ് പിടിയിലായവർ വനപാലകർക്ക് നൽകിയ മൊഴി. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Content Highlights:three arrested with ivory in adimali