കൊണ്ടോട്ടി: വാഹനപരിശോധനയ്ക്കിടെ കാറില്‍നിന്ന് രേഖകളില്ലാത്ത ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ്‌ചെയ്തു. വള്ളുവമ്പ്രം സ്വദേശികളായ റഹീസ് (31), അബ്ദുള്‍കരീം (30), അബ്ദുള്‍സമദ് (31) എന്നിവരെയാണ് പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.10-ന് കുറുപ്പത്ത് വാഹനപരിശോധന നടത്തിയ തേഞ്ഞിപ്പലം എസ്.ഐ അഷ്റഫും സംഘവുമാണ് പണം പിടികൂടിയത്. 

കാറിന്റെ ഡിക്കിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചത്. 1,05,90,000 രൂപ ഇവരില്‍നിന്ന് കണ്ടെടുത്തു. കുഴല്‍പ്പണ ഇടപാടുമായി ബന്ധമുള്ളവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹനന്‍, എസ്.ഐ റമിന്‍, രാജേഷ്, പമിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Content Highlights: three arrested with illegal money in kondotty