ഉദുമ: നാൽപ്പതുകോടിയുടെ ഫാൻസി നോട്ടുകളും ആറുലക്ഷം രൂപയുടെ യഥാർഥ നോട്ടുകളുമായി മഹാരാഷ്ട്ര, കർണാടക സ്വദേശികളായ മൂന്നുപേരെ വാഹനപരിശോധനയ്ക്കിടയിൽ ബേക്കൽ പോലീസ് അറസ്റ്റു ചെയ്തു.

കർണാടക ബിദാർ ജില്ല ഹൊക്കറാന വില്ലേജ് ലക്ഷ്മിപുര സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഷെയ്ക്ക് അലി ഗുലാബ്ഖാൻ (37), പുണെ സോളാപ്പുരിലെ അണ്ണസാഹിബ് അർജുൻ (35), നോർത്ത് സോളാപ്പുർ കൗതാലി വില്ലേജിലെ പരമേശ്വര നർസു മാനെ (45) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ഉദുമയിലാണ് സംഭവം.

രഹസ്യവിവരത്തെത്തുടർന്ന് ബേക്കൽ സി.ഐ. ടി.വി.പ്രജീഷിന്റെ നേതൃത്വത്തിൽ കോട്ടിക്കുളത്ത് വാഹന പരിശോധനയ്ക്കിടെ എത്തിയ ഇവരുടെ കാർ കൈ കാണിച്ചിട്ടും നിർത്താതെ പോയി. പിന്നീട് പിന്തുടർന്ന് ഉദുമയിൽ വെച്ചു പിടിക്കുകയായിരുന്നു. കാർ പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ അടുക്കിയ നിലയിൽ ഫാൻസി നോട്ടുകളും ശരിയായ നോട്ടുകളും കണ്ടെത്തിയത്.

ഹിന്ദിസിനിമാ പ്രവർത്തകരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഇത് സിനിമാ ആവശ്യത്തിന് കൊണ്ടുപോകുന്നതാണെന്നും പറയുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ട്. ആറുലക്ഷം രൂപയുടെ യഥാർഥ നോട്ടുകളെല്ലാം രണ്ടായിരത്തിന്റേതാണ്. ഇതിന്റെ ഉറവിടം ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ബേക്കൽ എസ്.ഐ. ബാബുരാജ്, എ.എസ്.ഐ. അബൂബക്കർ കല്ലായി, പി.സി.പ്രകാശ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.