മഞ്ചേരി: പത്തരക്കിലോ കഞ്ചാവുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ വീട്ടില്‍ അമീര്‍ (36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടില്‍ വീട്ടില്‍ അഷ്‌റഫ് (43), തമിഴ്നാട് തേനി വടക്കുതറ വീഥിയില്‍ മുരുകേശ്വരി (45) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്.

വിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹനപരിശോധനക്കിടയില്‍ മഞ്ചേരി കച്ചേരിപ്പടി ബൈപ്പാസില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

തമിഴ്നാട്ടില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘത്തെ തമിഴ്നാട്ടിലേക്ക് അയച്ചതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. നിഗീഷ് പറഞ്ഞു. മലപ്പുറം ഇന്റലിന്‍ജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, ജെ.ഇ.സി. സ്‌ക്വാഡ് അംഗം ടി. ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ പി. രാമചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. ഷബീറലി, കെ. സബീര്‍, പി. റെജിലാല്‍, എ.കെ. നിമിഷ, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.