തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പോലീസും ആന്റി നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി  നടത്തിയ പരിശോധനയില്‍ നെയ്യാറ്റിന്‍കര ആര്യങ്കോടുനിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് നാലു കിലോയോളം കഞ്ചാവിന് പുറമേ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന എം.ഡി.എം.എയും പിടിച്ചെടുത്തു.  

ആര്യങ്കോട് പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് പോലീസിന് വന്‍ ലഹരിമരുന്ന് ശേഖരത്തെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. തുടര്‍ന്ന് ഇവ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുറ്റിയാണിക്കാട് കണ്ണങ്കര സെറ്റില്‍മെന്റ് കോളനിയില്‍ കൈലി എന്നുവിളിക്കുന്ന കിരണ്‍, ഒറ്റശേഖരമംഗലം പൂഴനാട് ആട് ബിനില്‍ എന്ന ബിബിന്‍ മോഹന്‍, കീഴാറൂര്‍ ചെമ്പൂര്‍ ജോബി ഭവനില്‍ ജോബി ജോസ് എന്നിവരെ ആര്യങ്കോട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍. ഇവര്‍ക്കെതിരെ വെള്ളറട, ആര്യങ്കോട്, മാരായമുട്ടം സ്റ്റേഷനുകളില്‍ കേസുകളും നിലവിലുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും സിനിമ- സീരിയല്‍ താരങ്ങള്‍ക്കും ഇവര്‍ സ്ഥിരമായി ലഹരിമരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബിബിന്‍ മോഹന്റെ നേതൃത്വത്തിലാണ്  സിനിമ- സീരിയല്‍ മേഖലകളില്‍ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് കഞ്ചാവ് ശേഖരിച്ചിരുന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പോലീസ് വ്യക്തമാക്കി.  പ്രതികളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

Content Highlights: three arrested with ganja and mdma drugs in thiruvananthapuram