പന്തീരാങ്കാവ്: വാഹനമോഷ്ടാക്കളായ മൂന്നുപേര്‍ പോലീസ് പിടിയിലായി. വെള്ളന്നൂര്‍ ചെട്ടിക്കടവില്‍നിന്ന് ഒളവണ്ണ തച്ചാറമ്പത്ത് നവീന്‍ എന്ന ബോണി (22), ഈങ്ങാപ്പുഴ താഴെ പറമ്പില്‍ പി. റിജാസ് (23), താനൂര്‍ പനങ്ങാട്ടൂര്‍ തോണിക്കടവന്‍ ടി.കെ. റഫീഖ് (30) എന്നിവരാണ് പിടിയിലായത്.

ഇവര്‍ പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ പാലാഴിയില്‍നിന്നു മോഷ്ടിച്ച ബൈക്കുമായിവരവേ പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ഒരു വീടിനുസമീപം നിര്‍ത്തിയിട്ട വാഹനത്തില്‍നിന്നും പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ പിടികൂടി. ഉടനെ കുന്ദമംഗലം എസ്.എച്ച്.ഒ. യൂസഫ്, എസ്.ഐ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസിന് കൈമാറി.

പാലാഴി പാല്‍ കമ്പനി വാലിയിലെ വീട്ടില്‍നിന്നും സ്‌കൂട്ടര്‍ നഷ്ടപ്പെട്ടതായി പന്തീരാങ്കാവ് പോലീസില്‍ പരാതിലഭിച്ചിരുന്നു. വീട്ടിലെ സി.സി.ടി.വി. ക്യാമറ നശിപ്പിച്ച് മെമ്മറി കാര്‍ഡ് എടുക്കുകയും അക്വേറിയത്തില്‍നിന്നു മത്സ്യങ്ങളെ കൊണ്ടുപോയതായും പരാതിയുണ്ടായിരുന്നു. ഈ സ്‌കൂട്ടറുമായി പോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

മൂന്നുപേരും മയക്കുമരുന്നിന് അടിമകളാണെന്നും വിവിധ കേസുകളില്‍ പ്രതികളാണെന്നും പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ. ജോസ് പറഞ്ഞു.

പോലീസ് സ്റ്റേഷനില്‍ പ്രതികളുടെ വിളയാട്ടം

പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച വാഹനമോഷണക്കേസിലെ പ്രതികള്‍ സ്റ്റേഷനില്‍ അക്രമാസക്തരായി. ബഹളംവെക്കുകയും തല ഗ്രില്ലിനടിച്ച് പൊട്ടിക്കുകയും ചെയ്തു. മയക്കുമരുന്നിന്റെ ലഹരിയിലാണ് പ്രതികള്‍ അക്രമാസക്തരായതെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനിലെ തറയില്‍ തലപൊട്ടി രക്തംവീണ നിലയിലാണ്. കമ്മിഷണറുടെ സ്‌ട്രൈക്കര്‍ ടീം എത്തിയാണ് പ്രതികളെ വൈദ്യപരിശോധനയ്ക്കും തുടര്‍ന്ന് മജിസ്‌ട്രേറ്റിനുമുമ്പാകെയും കൊണ്ടുപോയത്.

നേരത്തേ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് മൂവരെയും എത്തിക്കുന്നതിനിടെ പ്രതി റിജാസ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കുന്ദമംഗലം പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി.