മാരാരിക്കുളം: കുറുവ സംഘമെന്നപേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ മോഷണസംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്.എന്‍.പുരം കാര്‍ത്തുവെളി ദീപു (22), കഞ്ഞിക്കുഴി എട്ടാംവാര്‍ഡില്‍ കൂട്ടേഴത്ത് വീട്ടില്‍ അരുണ്‍ (ജിത്ത്-18) എന്നിവരും പതിനാറുകാരനുമാണ് പിടിയിലായത്.

മാരാരിക്കുളം, അര്‍ത്തുങ്കല്‍, ആലപ്പുഴ സൗത്ത്, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലായി ഏഴു മോഷണക്കേസുകളിലെ പ്രതികളാണിവര്‍. കൂറ്റുവേലിയില്‍ വളര്‍ത്തുമത്സ്യം വില്‍പ്പന കേന്ദ്രത്തില്‍നിന്ന് മീന്‍ മോഷ്ടിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. പതിനൊന്നാം മൈലില്‍ പുലര്‍ച്ചേ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലും രണ്ടു ബൈക്കുകള്‍ മോഷ്ടിച്ചതിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇവരാണ് പ്രതികളെന്നു പോലീസ് കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകളിലാണ് കണ്ണമാലിയിലും കുത്തിയതോട്ടിലും മാല പൊട്ടിക്കാനെത്തിയത്. 

രാത്രി അടിവസ്ത്രം മാത്രം ധരിച്ച് തലക്കെട്ടുകെട്ടി കുറവാസംഘത്തിന്റെ മാതൃകയിലാണ് മോഷണം. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. ദീപുവും അരുണും ബന്ധുക്കളാണ്. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷ്, എസ്.ഐ.മാരായ സെസില്‍, എ. സഞ്ജീവ് കുമാര്‍, എ.എസ്.ഐ.മാരായ ജാക്സണ്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. 16-കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.