ചെന്നൈ: മദ്യം വാങ്ങാൻ, പഠിച്ച സ്കൂളിൽനിന്ന് പുസ്തകങ്ങൾ മോഷ്ടിച്ചുവിറ്റ മൂന്ന് പൂർവ വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈയ്ക്കടുത്ത് അനകാപുത്തൂരിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പൂർവവിദ്യാർഥികളായ വിനോദ് (26), തമിഴ്വാണൻ (26), പ്രകാശ് (45) എന്നിവരാണ് പിടിയിലായത്.

സ്കൂളിലെ ആറ്, ഏഴ് ക്ലാസ് വിദ്യാർഥികൾക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സൗജന്യ പാഠപുസ്തകങ്ങളാണ് മോഷ്ടിച്ചത്. സർക്കാർ അറിയിപ്പുള്ള ഒന്നാം പേജും അവസാന പേജും കീറിക്കളഞ്ഞശേഷം പുസ്തകങ്ങൾ ആക്രിക്കടയിൽ വിറ്റു. കിട്ടിയ പണം കൊണ്ട് മൂവരും മദ്യപിച്ചു.

ഓഫീസ് മുറിയുടെ പൂട്ട് തകർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സ്കൂൾ അധികൃതർ ശങ്കർ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനുശേഷവും സ്കൂളിൽനിന്ന് ചില വസ്തുക്കൾ മോഷണം പോയി. അതിനിടയിലാണ് സ്കൂൾ പരിസരത്തുനിന്ന് ഉപകരണങ്ങൾ മോഷ്ടിക്കുകയായിരുന്ന മൂന്നുപേരെ കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കൈയോടെ പിടികൂടി.

ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെ മദ്യപിക്കാൻ പണം കണ്ടെത്താനാണ് പുസ്തകങ്ങളും മറ്റും മോഷ്ടിച്ചിരുന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവർ വിറ്റ പാഠപുസ്തകങ്ങൾ ആക്രിക്കടയിൽനിന്ന് പോലീസ് വീണ്ടെടുത്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.