തൃശ്ശൂര്‍: പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി എഴുപത്തഞ്ചോളം വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചിറ്റൂര്‍ ടൗണ്‍ തെക്കേദേശം നവാസ് (29), പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ പൊറ്റത്തൊടി വീട്ടില്‍ ബിലാല്‍ (20), തമിഴ്‌നാട് തൃശ്ശിനാപ്പള്ളി ലാല്‍ഗുഡി അണ്ണാനഗര്‍ കോളനിയില്‍ അരുണ്‍കുമാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ബിജോ അലക്‌സാണ്ടര്‍, അനീഷ് വി. കോര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തമിഴ്‌നാട്ടിലെ ആനമലയില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവില്വാമലയിലെ കടകളില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ടാബുകളും ഇവരില്‍നിന്ന് കണ്ടെടുത്തു.

വില കൂടിയ 55 മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കണ്ടെടുത്തത്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍നിന്ന് മോഷ്ടിച്ച മൂന്ന് ബൈക്കുകളില്‍ പകല്‍ നിരീക്ഷിച്ചശേഷം രാത്രിയാണ് ഇവര്‍ മോഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു.

സ്ഥാപനങ്ങളുടെ ഷട്ടറിന് നടുവില്‍ താഴില്ലാത്ത കടകള്‍ ഏതെന്ന് ആദ്യം മനസ്സിലാക്കും. നടുവിലെ പിടിയില്‍ തുണി കെട്ടിവലിച്ച് വിടവുണ്ടാക്കി അകത്തുകയറി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. ഓരോ മേഖലയിലും കണ്ടുവെച്ച പരമാവധി സ്ഥാപനങ്ങളില്‍ മോഷണം നടത്തി, പുലര്‍ച്ചെത്തന്നെ തമിഴ്‌നാട്ടിലേക്ക് മടങ്ങുകയാണ് ഇവരുടെ രീതി.

മണ്ണുത്തി, നടത്തറ, പട്ടിക്കാട്, ആലത്തൂര്‍, നെന്മാറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് സമാനമായ എഴുപത്തഞ്ചോളം മോഷണങ്ങള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന തുക മയക്കുമരുന്നിനും മറ്റുമായാണ് ഇവര്‍ ചെലവഴിച്ചിരുന്നത്.

അന്വേഷണസംഘത്തില്‍ പഴയന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജെ. നിസാമുദ്ദീന്‍, എസ്.ഐ. അജീഷ് എ., ഷാഡോ പോലീസ് അംഗങ്ങളായ ഗ്ലാഡ്‌സണ്‍ രാജന്‍, സുവ്രതകുമാര്‍, റാഫി പി.എം., രാകേഷ് പി., ഗോപാലകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ പഴനിസ്വാമി, ജീവന്‍ ടി.വി., ലിഗേഷ് എം., വിപിന്‍ദാസ്, പഴയന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ. സാബു, എ.എസ്.ഐ. പ്രദീപ്, സീനിയര്‍ സി.പി.ഒ.മാരായ ഗിരീഷ്, ബ്രിജേഷ്, ഷൈജു, മനു, സുബിന്‍, ഡിജോ, പ്രസാദ്, നജീഷ് എന്നിവരുമുണ്ടായിരുന്നു.