അടൂര്‍: വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നടത്തിപ്പുകാരായ കോഴിക്കോട് ഫറൂക്ക് കൈതോലിപാടത്തില്‍ ജംഷീര്‍ ബാബു (37), പുനലൂര്‍ മാത്ര വെഞ്ചേമ്പ് സുധീര്‍ മന്‍സില്‍ ഷമീല (36), സംഘത്തില്‍പ്പെട്ട പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടില്‍ അനിത(26) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. പന്നിവിഴ ഭാഗത്ത് വീട് വാടകയ്‌ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഏഴുമാസം മുന്‍പാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തത്.
വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍െപ്പടെയുള്ള ലഹരിക്കച്ചവടം നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച എക്‌സൈസ് സംഘം ഈ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 30 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. റെയ്ഡിനിടയില്‍ വീടിനുള്ളില്‍ രണ്ട് സ്ത്രീകളുള്ളതായി എക്‌സൈസ്സംഘം കണ്ടെത്തി.
ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. അടൂര്‍ സി.ഐ. യു.ബിജുവിനെ എക്‌സൈസ് വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയുന്നത്.
വാട്സാപ്പ് ഉപയോഗിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നതെന്ന്് പോലീസ് പറഞ്ഞു. പിടിയിലായവരുടെ വാട്സാപ്പില്‍ നമ്പര്‍ കണ്ടെത്തിയ പ്രമുഖരുടെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. സി.ഐ. യു.ബിജു, എസ്.ഐ. മാരായ ധന്യ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: Three arrested in sex racket