മണ്ണുത്തി: വധശ്രമക്കേസിൽ മൂന്നുപേരെ ഒല്ലൂർ എ.സി.പി. ദേവദാസന്റെ നേതൃത്വത്തിൽ മണ്ണുത്തി പോലീസ് അറസ്റ്റുചെയ്തു.

മലയാളനഗറിൽ എടാട്ട്പറമ്പിൽ സനിലിനെ വീടുകയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് പാലക്കാട് പോത്തുണ്ടി തിരുത്താംപാടം പ്രണവ് (28), നെൻമാറ വടക്കേക്കാട് കൊഴിക്കൽ വീട്ടിൽ അനൂപ് (23), കരിങ്കൊളം പറയംവെള്ളം നെടൂർ കോളനി രജിത് (21) എന്നിവരെ അറസ്റ്റുചെയ്തത്. മാർച്ച് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ സനിലിനെ ഇരുമ്പുവടികൊണ്ട് മർദിച്ച് അവശനാക്കി. സനിലിന്റെ കാലിലെ എല്ല് പൊട്ടുകയും പല്ലുപോകുകയും ചെയ്തിരുന്നു. വീട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുൻവൈരാഗ്യമാണ് വധശ്രമത്തിന് കാരണമായത്. പ്രണവ് പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ വധശ്രമക്കേസുകളിലും പ്രതിയാണ്. മണ്ണുത്തി സി.ഐ. പി. അജിത്‌കുമാർ, എസ്.ഐ. കെ. പ്രദീപ് കുമാർ, എ.എസ്.ഐ.മാരായ സുജിത്ത്, ജോൺസൺ, സി.പി.ഒ.മാരായ രഞ്ജിത്ത്, രാജേഷ്, രജിത, സിന്ധു എന്നിവരാണ് പ്രതികളെ ബുധനാഴ്ച രാവിലെ പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.