കോഴിക്കോട്: വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോട് സ്വദേശിയായ ഗള്‍ഫ് വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിയും കാരപ്പറമ്പിലെ ഫ്‌ളാറ്റില്‍ താമസക്കാരിയുമായ ഒ. സിന്ധു(46), പെരുമണ്ണ കളത്തിങ്ങല്‍ കെ. ഷനൂബ് (39), ഫാറൂഖ് കോളേജ് അനുഗ്രഹയില്‍ എം. ശരത്കുമാര്‍ (27) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

2019 ഒക്ടോബര്‍ 25 മുതല്‍ വിവിധ കാലങ്ങളിലായി വ്യാപാരപങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി പണവും അഞ്ച് പവന്‍ സ്വര്‍ണവും വ്യവസായിയുടെ ഭാര്യയുടെ പേരിലുള്ള നാല് ലക്ഷം രൂപയുടെ കാറും തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍, വ്യവസായത്തില്‍ പങ്കാളിയാക്കാതെയും ലാഭവിഹിതം നല്‍കാതെയും പ്രതികള്‍ ഇയാളെ കബളിപ്പിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 2021 ഫെബ്രുവരി 23-ന് കാരപ്പറമ്പിലെ സിന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് വ്യാപാരക്കരാര്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് സിന്ധു ഉള്‍പ്പെടെ ഒമ്പത് പേര്‍ ചേര്‍ന്ന് വ്യവസായിയെ മര്‍ദിച്ച് അവശനാക്കുകയും സ്വര്‍ണമാല കവരുകയും ചെയ്തു.

കൂടാതെ സിന്ധുവിനെ ഒപ്പം നിര്‍ത്തി വ്യവസായിയുടെ നഗ്‌നചിത്രമെടുത്തു. ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പോലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ ഇനിയും ആറ് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. ബിശ്വാസ്, എസ്.ഐ. എസ്.ബി. കൈലാസ്നാഥ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Content Highlights: three arrested in kozhikode for extorting money from businessman