കൊട്ടിയം:വീടുകയറി ആക്രമിച്ച കേസില്‍ മയ്യനാട് കാരിക്കുഴിയില്‍ ലഹരിവില്‍ക്കുന്ന മൂന്ന് യുവാക്കളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. അക്കോലില്‍ ഇളവയലില്‍ ഉണ്ണി എന്ന റാംജിത്ത് (19), വാളത്തുംഗല്‍ കളരി ക്ഷേത്രത്തിനുസമീപം അഞ്ജനയില്‍ അപ്പു എന്ന ആദിത്യന്‍ (19), മയ്യനാട് നടുവിലക്കര കോവുചിറ കവിതവിലാസത്തില്‍ ജ്യോതിഷ് (20) എന്നിവരാണ് അറസ്റ്റിലായത്.
മയ്യനാട് കാരിക്കുഴി വയലില്‍വീട്ടില്‍ ജയന്‍ തമ്പി, ഭാര്യ പദ്മിനി, മകന്‍ വിശാഖ് എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കൂട്ടംകൂടി ലഹരി ഉപയോഗിച്ചശേഷം ബഹളംകൂട്ടിയത് ചോദ്യംചെയ്തതിനാണ് ഇവര്‍ ജയന്‍ തമ്പിയുടെ വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചത്. റാംജിത്തിനെ നെടുമങ്ങാട്ടെ ഒളിത്താവളത്തില്‍നിന്നും മറ്റു രണ്ടുപേരെ മംഗലപുരത്തെ ലോഡ്ജില്‍നിന്നുമാണ് പിടികൂടിയത്. മയക്കുമരുന്നുകേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന റഫീക്കിനൊപ്പമാണ് രണ്ടുപേര്‍ മംഗലപുരത്ത് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇയാളെ പിടികൂടി എക്‌സൈസ് കമ്മിഷണര്‍ക്ക് കൈമാറി.
ഇരവിപുരം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. എസ്.ഐ.മാരായ അനീഷ്, ബിനോദ് കുമാര്‍, ദീപു, ജൂനിയര്‍ എസ്.ഐ.മാരായ ഷെമീര്‍, സൂരജ് ഭാസ്‌കര്‍, ജി.എസ്.ഐ. ജയകുമാര്‍, എ.എസ്.ഐ. ഷിബു ജെ.പീറ്റര്‍, സി.പി.ഒ. സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: three arrested in kottiyam