ഈരാറ്റുപേട്ട: നഗരത്തിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന മൂന്നുപേരെ ഈരാറ്റുേപട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ മുഹമ്മദ് ഷെഫിൻ (19), സഹൽ (23), ഷാബിർ (22) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കൈയിൽനിന്ന് 100 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഹുഡ്കകളും ഒരു വടിവാളും പോലീസ് പിടിച്ചെടുത്തു.

ഈരാറ്റുപേട്ട എം.ഇ.എസ്.കവലയിലെ ടൂറിസ്റ്റ് ഹോമിൽ ആയുധങ്ങളുമായി സംഘം ഒത്തുചേരുന്നതായി പാലാ ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്ര കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തെ പിടികൂടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരേ കഞ്ചാവ് കേസുകൾ നിലവിലുണ്ട്. അടുത്തിടെ പ്രതികൾ മൂന്നുകിലോയോളം കഞ്ചാവ് ആന്ധ്രപ്രദേശിൽനിന്ന് കേരളത്തിലെത്തിച്ച് വില്പന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഹോമിൽതന്നെ കഞ്ചാവ് ഉപയോഗിക്കാൻ ഇവർ ആവശ്യക്കാർക്ക് സൗകര്യം ചെയ്തിരുന്നു. ഈരാറ്റുപേട്ട പോലീസ് എസ്.ഐ.മാരായ വി.ബി.അനസ്, സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു ജസ്റ്റിൻ, സിവിൽ പോലീസ് ഓഫീസർ കിരൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഈരാറ്റുപേട്ട നഗരത്തിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട സി.ഐ. എസ്.എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചിരുന്നു.