കഴക്കൂട്ടം: വീട്ടില്‍ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷം റോട്ട്വീലര്‍ ഇനത്തിലെ രണ്ടു നായകളെ കവര്‍ന്നുവെന്ന കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. തുമ്പ ആറാട്ടുവഴി പാലത്തിനടുത്തുള്ള ഡൊമിനിക് പീറ്റര്‍ (27), ചെമ്മരുതി വടശ്ശേരിക്കോണം വലിയവിളയില്‍നിന്നുള്ള സതീഷ് സാവന്‍ (38), വെട്ടുകാട് പള്ളിക്കടുത്തു താമസിക്കുന്ന ലോലന്‍ അഖില്‍ (26) എന്നിവരാണ് പിടിയിലായത്.

കഠിനംകുളം വെട്ടുതുറയില്‍ അപ്പുവിന്റെ വീട്ടില്‍ മാര്‍ച്ച് 15-ന് പുലര്‍ച്ചെ മൂന്നിന് പടക്കമെറിഞ്ഞതിനുശേഷമാണ് നായകളെ മോഷ്ടിച്ചുകൊണ്ടുപോയത്.

ഒളിവില്‍പ്പോയ പ്രതികളെ പിടിക്കാന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

അദ്ദേഹത്തിനുകിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ഹരിയുടെ നേതൃത്വത്തില്‍ കഠിനംകുളം ഇന്‍സ്പെക്ടര്‍ ബിന്‍സ് ജോസഫ്, എസ്.ഐ.മാരായ കെ.എസ്.ദീപു, കൃഷ്ണപ്രസാദ്, പി.ഷാജി, പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. എം.ഫിറോസ് ഖാന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഡൊമിനിക് പീറ്ററും സതീഷ് സാവനും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.