കയ്പമംഗലം(തൃശ്ശൂര്‍): മൂന്നുപീടികയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ചവിട്ടിവീഴ്ത്തി മാല പൊട്ടിച്ച സംഘത്തെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

നാട്ടിക സ്വദേശികളായ കാമ്പറത്ത്വീട്ടില്‍ അഖില്‍ (26), കിഴക്കേപ്പാട്ട് വീട്ടില്‍ പ്രജീഷ് (27), വലപ്പാട് ബീച്ച് കിഴക്കേപ്പാട്ടില്‍ സുധീഷ് (30) എന്നിവരാണ് പിടിയിലായത്.

നവംബര്‍ 10-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വാടാനപ്പള്ളിയില്‍നിന്ന് ജോലി കഴിഞ്ഞ് പോവുകയായിരുന്ന കയ്പമംഗലം സ്വദേശി കാരാപ്പുള്ളി രതീഷിന്റെ ഭാര്യ രമയാണ് ആക്രമണത്തിനിരയായത്. മൂന്നരപ്പവന്റെ മാലയാണ് പൊട്ടിച്ചത്.

മൂന്നുപീടിക ബീച്ച് റോഡില്‍വെച്ച് മറ്റൊരു സ്‌കൂട്ടറിലത്തിയ പ്രതികള്‍ യുവതിയെ സ്‌കൂട്ടറില്‍നിന്ന് ചവിട്ടിവീഴ്ത്തി മാല കവരുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ സോഡ കുടിക്കാനെത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മാലപൊട്ടിച്ച കേസിലും തിരൂരില്‍നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലും അഖിലും പ്രജീഷും പ്രതികളാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. റൂറല്‍ എസ്.പി. ആര്‍. വിശ്വനാഥ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഷാജ് ജോസ്, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, കയ്പമംഗലം എസ്.ഐ. കെ.എസ്. സുബിന്ദ്, വലപ്പാട് എസ്.ഐ. അരിസ്റ്റോട്ടില്‍, പി. ജയകൃഷ്ണന്‍, എസ്.ഐ. ജിഷില്‍, സി.കെ. ഷാജു, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ, സൂരജ് വി. ദേവ്, ഇ.എസ്. ജീവന്‍, എ.വി. വിനോഷ്, സി.എ. ജോബ്, ലിജു ഇയ്യാനി, എം.വി. മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: three arrested in chain snatching case thrissur