മാള: ആഡംബര ബൈക്കുകൾ മോഷ്ടിച്ച് കഞ്ചാവുവില്പന നടത്തിയിരുന്ന മൂന്നുപേരെ അറസ്റ്റുചെയ്തു. മാള മടത്തുംപടി പറമാട് ചാത്തൻതറ അക്ഷയ്(20), പുതുക്കാട് പാഴായി സ്വദേശി തമിഴൻ വീട്ടിൽ വിഷ്ണു(20),ചെങ്ങാലൂർ ശാന്തിനഗർ ചീരക്കാടൻ അനീഷ്(20)എന്നിവരാണ് അറസ്റ്റിലായത്.മോഷ്ടിച്ച രണ്ട് ആഡംബര ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പുതുക്കാട്ടുനിന്നാണ് മൂന്നു പേരെയും മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയും സംഘവും പിടികൂടിയത്.

ഇവർ വിവിധയിടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ചിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മടത്തുംപടി സ്വദേശിയുടെ വീട്ടുമുററത്തുനിന്ന് കഴിഞ്ഞ വ്യാഴാഴ്ച ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അമ്പേഷണത്തിലാണ് ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ പുതുക്കാട്ടു നിന്നും മൂന്നുപേരെയും പിടികൂടുകയും ചെയ്തു.

മടത്തുംപടിയിൽനിന്ന് മോഷണംപോയതിന് പുറമേ മറ്റൊരു ബൈക്കും ഇവരുടെ കൈവശമുണ്ടായിരുന്നു.

അത് ആമ്പല്ലൂരിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എസ്.ഐ. സി.ബി.മധു, ജി.എസ്.ഐ. സുധാകരൻ, എ.എസ്.ഐ.തോമസ്, സീനിയർ സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, മിഥുൻ ആർ.കൃഷ്ണ, ജിബിൻ ജോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.