ആലത്തൂര്‍: അലങ്കാരപ്പക്ഷിയെ വാങ്ങിയതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ചു.

സംഭവത്തില്‍ പരിക്കേറ്റ ആലത്തൂര്‍ വാനൂര്‍ മരുതങ്കാട് സാലുദ്ദീനെ (30) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാലുദ്ദീനെ വീടുകയറി ആക്രമിച്ച ആലത്തൂര്‍ പുതിയങ്കം മന്നിയങ്കോട് അന്‍ഷാദ് (29), പുതിയങ്കം തെക്കുമുറി റംഷാദ് (21), പുതിയങ്കം മന്നിയങ്കോട് രാജേഷ് (25) എന്നിവരെ ആലത്തൂര്‍പോലീസ് അറസ്റ്റുചെയ്തു.

ആലത്തൂര്‍ ലിങ്ക് റോഡില്‍ അലങ്കാരപ്പക്ഷിയെ വില്‍ക്കുന്ന കടനടത്തുന്ന പുതിയങ്കം സ്വദേശി അസീസിന്റെ പക്കല്‍നിന്ന് സാലുദ്ദീന്‍ വെള്ളിയാഴ്ച വൈകീട്ട് ഒരുജോഡി ലവ് ബേര്‍ഡിനെ വാങ്ങി. രണ്ടും ആണ്‍പക്ഷികളാണെന്നുപറഞ്ഞ് സാലുദ്ദീന്‍ തിരിച്ചെത്തി. അസീസ് തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതോടെ തര്‍ക്കവും കൈയാങ്കളിയുമായി. ആലത്തൂര്‍പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും പിരിച്ചുവിടുകയും രണ്ടുപേരുടെയും പേരില്‍ പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് കേസെടുക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ 11-ന് അസീസിന്റെ മകന്‍ അന്‍ഷാദും റംഷാദും രാജേഷും മറ്റ് രണ്ടുപേരും കമ്പിവടി, നെഞ്ചക്ക് എന്നീ ആയുധങ്ങളുമായി കാറിലും ബൈക്കിലുമായി സാലുദ്ദീന്റെ വീട്ടിലെത്തി. പുറത്തേക്ക് വിളിച്ചിറക്കിയശേഷം തലയിലും നെറ്റിയിലും ശരീരത്തും അടിച്ചെന്നാണ് കേസ്.