കാക്കനാട്: അപകടത്തിൽ തകർന്ന ബൈക്ക് നന്നാക്കാൻ പണം കണ്ടെത്താൻ മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. തേവയ്ക്കൽ ഓലിപ്പറമ്പ് വീട്ടിൽ എബിൻ ഹാഷ്ലി (20), കങ്ങരപ്പടി പുളിക്കയത്ത് വീട്ടിൽ റംഷാദ് (20) എന്നിവരും ഇവരുടെ സുഹൃത്തായ കുട്ടിയുമാണ് തൃക്കാക്കര പോലീസിന്റെ വലയിലായത്.

ജൂൺ മൂന്നിനായിരുന്നു സംഭവം. കളക്ടറേറ്റിനു സമീപം കുന്നുംപുറം റോഡരികിൽ പ്രവർത്തിക്കുന്ന ഹെയർ സലൂണിലെ പണിക്കാരനായിരുന്ന നന്ദകുമാറിന്റെ ബൈക്കാണ് സമീപത്തുനിന്ന് മോഷ്ടിച്ചത്.

നേരത്തെ എബിയുടെ ബൈക്ക് മീഡിയനിൽ ഇടിച്ച് അപകടത്തിൽപ്പെട്ടപ്പോൾ അത് നന്നാക്കാൻ പണം കണ്ടെത്താനാണ് ഈ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിൽക്കാൻ വൈകിയതോടെ മറ്റൊരു വണ്ടിയുടെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് പ്രതികൾ ബൈക്ക് ഉപയോഗിക്കുകയായിരുന്നു.

എബിനെയും റംഷാദിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ പി.പി. ജസ്റ്റിൻ, എൻ.എ. റഫീഖ്. റോയ് കെ. പുന്നൂസ്, എ.എസ്.ഐ. ഗിരീഷ്, സി.പി.ഒ.മാരായ ജാബിർ, മനോജ്, രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:three arrested in a bike theft case in kakkanad