കോഴിക്കോട്: കാറില്‍ കഞ്ചാവുകടത്തുന്നതിനിടെ ദമ്പതിമാരടക്കം മൂന്നുപേര്‍ പിടിയില്‍. നല്ലളം ഹസന്‍ബായ് വില്ലയില്‍ ഷംസുദ്ദീന്റെ മകന്‍ പി.എം. ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം പുല്ലാനിപറമ്പ് ബൈത്തുല്‍ ഹലയില്‍ നൗഷാദിന്റെ മകന്‍ ബി.എം. അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു.

പോലീസിനുകിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവരമ്പലം ബൈപ്പാസ് റോഡ് വഴി വരുകയായിരുന്ന സംഘത്തെ ട്രാഫിക് പോലീസ് പിന്തുടരുകയായിരുന്നു. കാളാണ്ടിത്താഴം കയറ്റംകയറി മെഡിക്കല്‍ കോളേജ് കാമ്പസിലെ റോഡ് വഴി രക്ഷപ്പെടാനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാല്‍, കാമ്പസിലെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് തടസ്സപ്പെട്ട നിലയിലായതിനാല്‍ വാഹനത്തിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. പിന്തുടര്‍ന്നെത്തിയ പോലീസ് ഇവിടെവെച്ച് സംഘത്തെ പിടികൂടുകയായിരുന്നു. വഴിയില്‍വെച്ച് അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ പിന്നിലെ ബമ്പര്‍ തകര്‍ന്നനിലയിലാണ്.

ട്രാഫിക് നോര്‍ത്ത് എ.സി.പി. പി.കെ.രാജു മെഡി.കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു,എസ്.ഐ.മാരായ രമേശ് കുമാര്‍,ജ്യോതി,രാംദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.