പുല്‍പള്ളി: ചികിത്സാ സഹായം നല്‍കാനെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ചാരിറ്റി പ്രവര്‍ത്തകനെയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്പില്‍ ഷംസാദ് (24), റഹ്‌മത്ത്നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്‌മാന്‍ (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞമാസം 27-നാണ് സംഭവം. ഗുരുതര രോഗം ബാധിച്ച് ചികിത്സാ സഹായം തേടിയ യുവതിയെ സഹായിക്കാമെന്നു പറഞ്ഞ് ഷംസാദ് സമീപിക്കുകയായിരുന്നു. യുവതിക്കുവേണ്ടി ചികിത്സാസഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഷംസാദ് വീഡിയോ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സഹായം നല്‍കാമെന്നു പറഞ്ഞ് എറണാകുളത്ത് എത്തിച്ചത്.

ഹോട്ടലില്‍ മുറിയെടുത്ത ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതി ഷംസാദ് സ്‌നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു.

ബത്തേരി ഡിവൈ.എസ്.പി. വി.എസ്. പ്രദീപ്കുമാര്‍, പുല്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. പ്രവീണ്‍കുമാര്‍, എസ്.ഐ. കെ.എസ്. ജിതേഷ്, പുല്പള്ളി സ്റ്റേഷനിലെ പോലീസുകാരായ എന്‍.വി. മുരളീദാസ്, പി.എ. ഹാരിസ്, അബ്ദുള്‍ നാസര്‍, വി.എം. വിനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Content Highlights: Three arrested for gang-rape in wayanad