കായംകുളം: ബൈക്കുമോഷണം നടത്തിയതിനു മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കരിക്കോട് ദീപാമന്ദിരത്തില്‍ അഖില്‍ (23), വര്‍ക്കല ഇടവ കാപ്പില്‍മുറിയില്‍ കൊച്ചാലതൊടി വീട്ടില്‍ ഷാഹുല്‍ ഹമീദ് (23), കൊല്ലം കരിക്കോട് കുമ്പളത്ത് വീട്ടില്‍ അഭിലാഷ് (23) എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്. കൃഷ്ണപുരം കാപ്പില്‍കിഴക്ക് മോഹനാലയത്തില്‍ രാകേശ് രാജുവിന്റെ ബൈക്ക് ബുധനാഴ്ച മോഷണംപോയിരുന്നു. തുടര്‍ന്ന് പോലീസ് സി.സി.ടി.വി.ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്.

മൂന്നുപേരും നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ മോഷണക്കേസുകളുണ്ട്. ബൈക്കിലെത്തി മാലമോഷണത്തിനാണ് കൂടുതല്‍ കേസുകളും.മാലപൊട്ടിച്ചെടുക്കാന്‍ വേണ്ടിയാണ് ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയതും. അഖില്‍ അടുത്തകാലത്തായി കൃഷ്ണപുരത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു. മറ്റു രണ്ടുപേരും മോഷണം ആസൂത്രണംചെയ്യാന്‍ കുറച്ചുദിവസമായി കൃഷ്ണപുരത്തുണ്ടായിരുന്നു. കൃഷ്ണപുരത്തുനിന്ന് രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. അതേദിവസംതന്നെ പുനലൂരില്‍നിന്ന് ഒരു ബൈക്ക് ഇവര്‍ മോഷ്ടിച്ചിരുന്നു.

തുടര്‍ന്ന് കൊല്ലത്തെ ഒരു വര്‍ക്ഷോപ്പിലെത്തി ബൈക്ക് രൂപമാറ്റംവരുത്താന്‍ ശ്രമിച്ചു. കടക്കാര്‍ക്കു സംശയംതോന്നിയെന്നു മനസ്സിലാക്കിയ പ്രതികള്‍ കൃഷ്ണപുരത്തുനിന്നു മോഷ്ടിച്ച ബൈക്ക് അവിടെ ഉപേക്ഷിച്ചു.

പുനലൂരില്‍നിന്നു മോഷ്ടിച്ച ബൈക്കുമായി വര്‍ക്കലയിലെത്തി. ഇവരെ പിന്തുടര്‍ന്ന് പോലീസ് വര്‍ക്കല ഭാഗത്തെത്തുകയും അവിടെനിന്ന് ഇവരെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ആര്‍ഭാടജീവിതം നയിക്കാനാണ് മോഷണംനടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കായംകുളം എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, അനന്തകൃഷ്ണന്‍, യോഗീദാസ്, നവീന്‍, ഉദയകുമാര്‍, ശരത്, ദീപക്, വിഷ്ണു, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.