കൊട്ടിയം : രാത്രിയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി പണമാവശ്യപ്പെടുകയും നല്‍കാത്തതിനാല്‍ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഘത്തിലെ മൂന്നുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂര്‍ തഴുത്തല വെണ്‍മണിച്ചിറ പ്രതിഭ ലൈബ്രറിക്കടുത്ത് ഷീജ ഭവനില്‍ സെല്‍വരാജന്‍ (36), ലജി വില്ലയില്‍ അജിഫാര്‍ (36), പള്ളി പടിഞ്ഞാറ്റതില്‍ അസീം (39) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസിയായ നഹാസിനെ സംഘംചേര്‍ന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ഒന്‍പതിന് രാത്രി പത്തരയോടെ പ്രതിഭ ലൈബ്രറിക്ക് സമീപമായിരുന്നു ആക്രമണം. അമ്മയ്ക്ക് മരുന്നു വാങ്ങാനായി ബൈക്കില്‍ വരികയായിരുന്ന നഹാസിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സംഘം പണമാവശ്യപ്പെട്ടു. പണം നല്‍കാത്ത വിരോധത്തില്‍ കൈയില്‍ കരുതിയിരുന്ന വിറകുകഷണംകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു.

തറയിലേക്കുവീണ നഹാസിനെ വീണ്ടും ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ബൈക്കും അക്രമികള്‍ തല്ലിത്തകര്‍ത്തു. കൈയിലെ അസ്ഥിക്ക് പൊട്ടലും തലയ്ക്ക് മാരകമായ മുറിവുമേറ്റ നഹാസ് മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ ജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ഇവരെ പേടിച്ച് ആരും പോലീസില്‍ പരാതിപ്പെടാറില്ലായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇവര്‍ പിടിച്ചുപറിയും കൊള്ളയും നടത്തിവന്നത്. എസ്.ഐ.മാരായ സുജിത്ത് ജി.നായര്‍, ഷിഹാസ്, ജോയി, എ.എസ്.ഐ. മധുസൂദനന്‍, സി.പി.ഒ.മാരായ പോള്‍ ലോറന്‍സ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

content Highlights: three arrested for attacking youth demanding money