കരുനാഗപ്പള്ളി: യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തഴവ കടത്തൂര്‍ വലിയത്ത് പടീറ്റതില്‍ നൗഫല്‍ (24), കുലശേഖരപുരം പുന്നക്കുളം കൊച്ചുവീട്ടില്‍ കിഴക്കതില്‍ സക്കീര്‍ ഹുസൈന്‍ (26), പുന്നക്കുളം പുത്തന്‍പുരയില്‍ നൗഫല്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ 29-ന് രാത്രി ഏഴരയോടെ കരുനാഗപ്പള്ളി പുതിയകാവ് ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. കുലശേഖരപുരം ആദിനാട് തൈക്കൂട്ടത്തില്‍വീട്ടില്‍ അഖിലിനെ(26)യാണ് സംഘം ആക്രമിച്ചത്. പ്രതികളുടെ സുഹൃത്തായ കരുനാഗപ്പള്ളി സ്വദേശി അനന്ദുവിന്റെ ബൈക്കിന് വശംകൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.

ഇരുമ്പുകമ്പി, വടിവാള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.അറസ്റ്റിലായ കടത്തൂര്‍ വലിയത്ത് പടീറ്റതില്‍ നൗഫല്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2020-ല്‍, വിരമിച്ച എസ്.ഐ.യെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2021 ഫെബ്രുവരിയില്‍ കടത്തൂര്‍ സ്വദേശി അനില്‍കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും നൗഫലിന്റെ പേരുണ്ടെന്നും പോലീസ് പറഞ്ഞു.

2019-ല്‍ കരുനാഗപ്പള്ളി കുഴിവേലിമുക്കില്‍ പോലീസ് പിക്കറ്റിലുണ്ടായിരുന്ന പോലീസുകാരനെ ചുടുകട്ടകൊണ്ട് എറിഞ്ഞ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ പത്തനംതിട്ടയില്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ ഓച്ചിറ, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ഗോകുമാര്‍, എസ്.ഐ.മാരായ ജയശങ്കര്‍, രാജേന്ദ്രന്‍, കലാധരന്‍, രാധാകൃഷ്ണപിള്ള, എ.എസ്.ഐ. ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.