കോട്ടയം: കഞ്ചാവുലഹരിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയുംചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം മുട്ടമ്പലം പറയത്തുശ്ശേരില്‍ ഡോണ്‍ മാത്യു (22), വടവാതൂര്‍ പുത്തന്‍പുരയില്‍ ജസ്റ്റിന്‍ സാജന്‍ (20), മുട്ടമ്പലം പുതുപ്പറമ്പില്‍ ശരത്ത് പി.രാജ് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ റിജൊ പി.ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി കോട്ടയം കഞ്ഞിക്കുഴി ഹോബ്‌നോബ് ഹോട്ടലിലായിരുന്നു ആക്രമണം നടത്തിയത്.

കഞ്ചാവ് ലഹരിയില്‍ ഹോട്ടലിനുള്ളില്‍ പാട്ടും നൃത്തവും നടത്തിയത് ജീവനക്കാര്‍ ചോദ്യംചെയ്തതോടെ യുവാക്കള്‍ അക്രമം നടത്തുകയായിരുന്നു.ജീവനക്കാരെ കൈയ്യേറ്റം ചെയ്തവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലേറ്റുകള്‍ എറിഞ്ഞുടച്ചു.

ഹോട്ടലിന്റെ മുന്‍വശത്തെ ചില്ലും അടിച്ചുതകര്‍ത്തു. തുടര്‍ന്ന് രക്ഷപ്പെട്ട് ഒളിവില്‍പ്പോയ ആക്രമികളെ ശനിയാഴ്ച വൈകീട്ട് പോലീസ് പിടികൂടുകയായിരുന്നു. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.