തൃശ്ശൂര്‍: സുഹൃത്തിന്റെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി. കേസുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഇനിയും കേസില്‍ ഇടപെട്ടാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ മയൂഖ ജോണി ഡി.ജി.പിക്ക് പരാതി നല്‍കി.

കഴിഞ്ഞദിവസം മയൂഖയും ബലാത്സംഗക്കേസിലെ പരാതിക്കാരിയായ സുഹൃത്തും തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു. ഇവിടെനിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തൊട്ടടുത്ത വീട്ടില്‍ അജ്ഞാതന്‍ ഏല്‍പ്പിച്ച കത്ത് കിട്ടിയത്. വധഭീഷണിക്ക് പുറമേ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളും കത്തിലുണ്ട്. ബലാത്സംഗക്കേസിലെ പ്രതിയുടെ അടുത്ത ആളാണെന്നും ആളൂര്‍ സി.ഐ.യെ സംരക്ഷിക്കുന്ന ആളാണ് താനെന്നും കത്തില്‍ അവകാശപ്പെടുന്നു. കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും ഭര്‍ത്താവിനെയും മകളെയും ഇല്ലാതാക്കുമെന്നും കത്തിലുണ്ട്. 

ഭീഷണിക്കത്ത് ലഭിച്ചതോടെ മയൂഖ ജോണി ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കണമെന്നും ഇവര്‍ക്കെതിരേ നടപടി വേണമെന്നുമാണ് ആവശ്യം. 

ജൂണ്‍ അവസാനവാരമാണ് സുഹൃത്ത് ബലാത്സംഗത്തിനിരയായെന്ന് മയൂഖ ജോണി വെളിപ്പെടുത്തിയത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്നയാളാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതെന്നും പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മോശം സമീപനമുണ്ടായെന്നും ഇവര്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പ്രതിക്ക് വേണ്ടി ഇടപെട്ടതായും മയൂഖ ആരോപിച്ചിരുന്നു. 

Content Highlights: threat against olympian mayookha johny