കൊച്ചി: ബൈക്ക് മോഷണം തടഞ്ഞ പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച 'ബിച്ചു' നടിയെ ആക്രമിച്ച കേസിലെ പ്രതിയായ വിഷ്ണു തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഗിരീഷ് കുമാറിനാണ് ബുധനാഴ്ച പുലര്‍ച്ചെ ബൈക്ക് മോഷണം തടയുന്നതിനിടെ അക്രമിയുടെ കുത്തേറ്റത്. കളമശ്ശേരി എച്ച്.എം.ടി. കോളനി കൃഷ്ണ ഹൗസില്‍ വിഷ്ണു അരവിന്ദ് (ബിച്ചു-32) ആണ് അറസ്റ്റിലായത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിഷ്ണു. പ്രതി പേര് ബിച്ചുവെന്നു പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ബിച്ചു വിഷ്ണു തന്നെയാണെന്ന് പോലീസിന് മനസ്സിലായത്. മുടി നീട്ടി വളര്‍ത്തിയ ഇയാളുടെ രൂപം ആകെ മാറിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്നു വിഷ്ണു. ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയ കത്ത് എത്തിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതും വിഷ്ണുവിനെയാണ്. പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചു നല്‍കിയതിനു പിന്നിലും വിഷ്ണുവുണ്ടായിരുന്നു. ഷൂസിന് അടിയില്‍ ഒളിപ്പിച്ചാണ് വിഷ്ണു ഫോണ്‍ ജയിലില്‍ എത്തിച്ചത്. കേസില്‍ അന്ന് അറസ്റ്റിലായ വിഷ്ണുവിനെ വിചാരണ നടക്കവേ മാപ്പുസാക്ഷി ആക്കിയിരുന്നു.

മോഷണം ഉള്‍പ്പെടെ 18 കേസുകളുണ്ട് ഇയാള്‍ക്കെതിരേ. പ്രതിയുടെ മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണമുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

അതിനിടെ, എ.എസ്.ഐ. ഗിരീഷ് കുമാറിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നല്‍കി. ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പെട്ടെന്നുണ്ടായ സ്ഥലംമാറ്റത്തിനു പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ടെന്ന് ആക്ഷേപം ഉയരുന്നുണ്ട്.