തിരുവില്വാമല: പത്തുവയസ്സുള്ള മകനെ ചൂരൽകൊണ്ട് അടിച്ച് പരിക്കേല്പിച്ചതിന് അമ്മയെ ബാലാവകാശനിയമപ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കുത്താമ്പുള്ളി എരവത്തൊടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒറ്റപ്പാലം വാണിയംകുളം സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയെയാണ് പഴയന്നൂർ എസ്.ഐ. ജയപ്രദീപ് അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി പിണങ്ങി കുത്താമ്പുള്ളിയിൽ മകനോടൊത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പെരുമ്പാവൂർ സ്വദേശിയുമായി അടുപ്പത്തിലായി കൂടെ താമസിപ്പിച്ചു. ഇക്കാര്യത്തിൽ മകന് വിയോജിപ്പുണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ന് വീട്ടിൽ ടി.വി. കാണുന്നതിനിടെ റിമോട്ടിനെച്ചൊല്ലി മകനും ഇയാളുമായി തർക്കമുണ്ടായി. റിമോട്ട് ചോദിച്ചിട്ട് നൽകിയില്ലെന്നു പറഞ്ഞ് യുവതി മകനെ ചൂരലുകൊണ്ട് തല്ലി.
അടുത്ത ദിവസം മകനെ അമ്മാവന്റെ വീട്ടിലാക്കിയശേഷം ഇരുവരും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. അമ്മാവനും കുട്ടിയും പഴയന്നൂർ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.