തിരുവനന്തപുരം: ശിവരാത്രി ദിവസം ക്ഷേത്രപൂജാരിയുടെ വീട് കുത്തിത്തുറന്ന് 41 പവനും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. തിരുവനന്തപുരം കാലടി തളിയൽ കടയ്ക്കൽ മനയിൽ ടി.സി.50/1302-ൽ രാജന്റെ വീട്ടിലാണ് മോഷണം നടന്നത്.

ചൊവ്വാഴ്ച രാത്രി ആറിനും പത്തിനും ഇടയ്ക്കായിരുന്നു സംഭവം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് നഷ്ടമായത്. വീടിന്റെ വാതിലുകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരുന്നു.

തിരുവല്ലം വണ്ടിത്തടം ശിവക്ഷേത്രത്തിലെ തന്ത്രിയാണ് രാജൻ. ഇദ്ദേഹം കുടുംബസമേതം ക്ഷേത്രത്തിലേക്ക് പോയിരിക്കുകയായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് രാജന്റെ മകളുടെ നൃത്തപരിപാടി ക്ഷേത്രത്തിലുണ്ടായിരുന്നു. ഇതിനാണ് കുടുംബം പോയത്. രാത്രി പത്തോടെയാണ് തിരിച്ചെത്തിയത്.

ഇവർ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ വീട്ടിൽ ജോലിക്കാരിയുണ്ടായിരുന്നു. വൈകീട്ട് ആറോടെ ജോലിക്കാരി താക്കോൽപൂട്ടി അയൽവാസിയെ ഏൽപ്പിച്ച് മടങ്ങി.

വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയുടെ വാതിലും കുത്തിത്തുറന്നു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കരമന പോലീസ് കേസെടുത്തു. മോഷണം നേരത്തേ തന്നെ ആസൂത്രണം ചെയ്തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

 Content Highlights: Robbery in Poojari's House,Thiruvananthapuram