തിരുവനന്തപുരം: ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ശരീരത്തിലേറ്റ ക്രൂരമര്‍ദനമെന്ന് സാക്ഷിമൊഴി. മെഡിക്കല്‍കോളേജ് ഫോറന്‍സിക് വിഭാഗം ഡയറക്ടര്‍ ശ്രീകുമാരിയാണ് പ്രത്യേക സി.ബി.ഐ. കോടതിയില്‍ മൊഴിനല്‍കിയത്. ശ്രീകുമാരിയാണ് ഉദയകുമാറിന്റെ മൃതദേഹം പരിശോധിച്ചത്.

Custodial death
പ്രതീകാത്മക ചിത്രം

ഇരുതുടകളിലെയും പേശികള്‍ തകര്‍ന്നിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. ഇരുമ്പുപൈപ്പുപോലുള്ള സാധനംകൊണ്ട് ശക്തിയായി ഉരുട്ടിയാല്‍ ഇത്തരം മുറിവ് സംഭവിക്കാമെന്നും സാക്ഷി മൊഴിനല്‍കി. മരണത്തിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് ഈ മുറിവ് ഏറ്റതെന്നും ശ്രീകുമാരി കോടതിയെ അറിയിച്ചു.

തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധചികിത്സ നല്‍കിയിരുന്നെങ്കില്‍ ഉദയകുമാറിനെ രക്ഷിക്കാനാകുമായിരുന്നെന്നും സാക്ഷി കോടതിയെ അറിയിച്ചു. പോലീസ് കണ്ടെടുത്ത ജി.ഐ. പൈപ്പ് സാക്ഷി തിരിച്ചറിഞ്ഞു.

ഉദയകുമാറിനെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ.യുടെ കേസ്.

സി.ഐ. ഇ.കെ. സാബുവിന്റെ സ്‌ക്വാഡിലെ അംഗങ്ങളായ ജിതകുമാറും ശ്രീകുമാറുമാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. മര്‍ദനമേറ്റ് ഉദയകുമാര്‍ നിലവിളിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ശ്രമിച്ചപ്പോള്‍ എസ്.ഐ. അജിത്കുമാര്‍ തടഞ്ഞെന്ന് മറ്റൊരു സാക്ഷി മൊഴിനല്‍കിയിരുന്നു.

പോലീസ് കസ്റ്റഡിയില്‍ ഉദയകുമാറിന്റെ മരണത്തിന് പുറമെനിന്നുള്ള ഏക ദൃക്സാക്ഷിയായ മോനി എന്ന സുരേഷ് കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പോലീസുദ്യോഗസ്ഥര്‍ മാത്രം പ്രതികളായ കേസില്‍ പോലീസുകാര്‍ തന്നെയാണ് സാക്ഷികള്‍.

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, എസ്.ഐ. ആയിരുന്ന ടി. അജിത്കുമാര്‍, സി.ഐ. ആയിരുന്ന ഇ.കെ. സാബു, എ.സി. ആയിരുന്ന ടി.കെ. ഹരിദാസ് എന്നിവരാണ് കേസിലെ പ്രതികള്‍.