ചിറയിൻകീഴ്: ചിറയിൻകീഴ് മുടപുരം തെങ്ങുംവിള ഏലായിൽ വയലരികത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ ചിറയിൻകീഴ് തെക്കെ അരയതുരുത്തി ലക്ഷംവീട് കോളനിയിൽ കൊച്ചജിത്ത് എന്നുവിളിക്കുന്ന അജിത്ത് (25) ആണ് കൊല്ലപ്പെട്ടത്.

അഞ്ചുപേരടങ്ങിയ അക്രമിസംഘമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന. അമ്മയോടൊപ്പം ചിറയിൻകീഴിനടുത്ത് താമസിച്ചുവന്നിരുന്ന അജിത്തിന്റെ പേരിൽ ആറ്റിങ്ങൽ, ചിറയിൻകീഴ് സ്റ്റേഷനുകളിലായി അടിപിടി, പിടിച്ചുപറിക്കൽ, ലഹരി, കൊലപാതകശ്രമം തുടങ്ങിയ കേസുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

രണ്ടുദിവസം മുൻപ് അഴൂർ കോളിച്ചിറയിലുള്ള ഒരു സംഘവും അജിത്തുമായി സംഘർഷമുണ്ടായിരുന്നു. അക്രമികളിലൊരാളുടെ ബൈക്ക് അജിത്ത് ബലമായി പിടിച്ചുവയ്ക്കുകയും വിട്ടുകൊടുക്കാൻ പണമാവശ്യപ്പെടുകയും ചെയ്തിരുന്നു. പണം കൊടുക്കാമെന്ന ഉറപ്പിൽ വിളിച്ചുവരുത്തി അജിത്തിനെ സംഘംചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

കഴുത്തിലും കൈയ്ക്കും കാലിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. രാത്രിയിൽ നടത്തിയ കൊലപാതകത്തിനുശേഷം അക്രമികൾ തെങ്ങുംവിള പാടശേഖരത്തിനുസമീപം തോട്ടിൻകരയിൽ അജിത്തിനെ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നുവെന്ന് വേണം കരുതാൻ. മൃതദേഹത്തിനു സമീപത്തുനിന്ന് മൊബൈൽ ഫോണും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തെ ഉടൻ പിടികൂടുമെന്ന് ചിറയിൻകീഴ് പോലീസ് പറഞ്ഞു.