തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ ഭര്‍ത്താവ് താമസിക്കുന്ന വീട്ടില്‍ തന്നെയും മകളെയും പോലീസ് എത്തിച്ചെന്ന് യുവതിയുടെ പരാതി. വ്യോമസേനാ ഉദ്യോഗസ്ഥനെതിരേയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്.

ഇവര്‍ തൃശ്ശൂര്‍ സ്വദേശിനിയാണെങ്കിലും വര്‍ഷങ്ങളായി മുംബൈയിലായിരുന്നു താമസം. വ്യോമസേന ഉദ്യോഗസ്ഥനെ വിവാഹം ചെയ്തപ്പോഴാണ് തിരുവനന്തപുരത്തേക്ക് മാറിയത്. ഇവരുടെ രണ്ടാം വിവാഹമാണ്. കഴിഞ്ഞ ജൂലായിലാണ് തമിഴ്നാട് സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥനെ യുവതി വിവാഹം കഴിക്കുന്നത്. ഇയാളുടെയും രണ്ടാം വിവാഹമാണ്. യുവതിക്ക് ആദ്യവിവാഹത്തില്‍ ഏഴുവയസ്സുള്ള പെണ്‍കുട്ടിയുണ്ട്.

യുവതി പറയുന്നത്: ജൂണ്‍ 21 മുതല്‍ മലയിന്‍കീഴിലുള്ള വീട്ടില്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായി താമസിച്ചുവരികയായിരുന്നു. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ഇയാളെ കണ്ടുമുട്ടുന്നത്. ജൂലായ് 15-ന് താലികെട്ടി. വിവാഹം കഴിച്ച് ഒരുമാസം കഴിയുമ്പോഴാണ് ഉപദ്രവിക്കുന്ന കാര്യം മകള്‍ എന്നെ അറിയിക്കുന്നത്. മകളെ ഇയാള്‍ ഉപദ്രവിക്കുന്നെന്ന് കാണിച്ച് സെപ്റ്റംബര്‍ ഒന്നിനാണ് പോലീസില്‍ പരാതി നല്‍കുന്നത്. അന്ന് ആരോഗ്യപരിശോധന നടത്തി കുട്ടിയുടെ മൊഴിയും എടുത്തു.

കാര്യം യാഥാര്‍ഥ്യമാണെന്ന് ബോധ്യമായ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുത്തു. എന്നാല്‍ അതേ ദിവസം എന്നെയും മകളെയും പോലീസ് ഇയാള്‍ താമസിക്കുന്ന വീട്ടില്‍കൊണ്ടാക്കി. തനിക്ക് അവിടെ പോകാന്‍ പേടിയായിരുന്നെന്ന് അറിയിച്ചിട്ടും പോലീസ് കൊണ്ടാക്കുകയായിരുന്നു. അന്ന് പോക്സോ കേസെടുത്ത വിവരമറിഞ്ഞ ഭര്‍ത്താവ് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. അയാളെ താന്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, താന്‍ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നുപറഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് രാത്രി തന്നെ മലയിന്‍കീഴ് പോലീസ് അറസ്റ്റുചെയ്തു.

ഇയാളെ കഴുത്തിന് താഴെ വെട്ടേറ്റനിലയിലാണ് കണ്ടത്. സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇല്ലാത്ത കേസിലാണ് ഞാന്‍ 47 ദിവസം ജയില്‍വാസം അനുഭവിച്ചത്. സംഭവദിവസം മോളെ കൊല്ലാന്‍ വന്നപ്പോള്‍ ഞാന്‍ രക്ഷപ്പെടുത്തിയപ്പോഴാണ് ഭര്‍ത്താവിന് പരിക്കേല്‍ക്കുന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യമൊന്നും പോലീസ് മുഖവിലയ്ക്ക് എടുത്തില്ല. എന്നെ കേസില്‍ കുടുക്കുകയായിരുന്നു. മുന്‍പെ തന്നെ ഇയാള്‍ തന്നെയും മകളെയും വീട്ടുതടങ്കലിലാക്കി ഉപദ്രവിച്ചിരുന്നു. തന്നെ കൊല്ലുമെന്ന അവസ്ഥ എത്തിയപ്പോഴാണ് പരാതിപ്പെടുന്നത്

ആരോപണം തള്ളി പോലീസ്

മലയിന്‍കീഴ്: പോക്സോ കേസ് പ്രതിക്കടുത്തേയ്ക്ക് ഇരയായ പെണ്‍കുട്ടിയെ വിട്ടയച്ചെന്ന അമ്മയുടെ ആരോപണം തള്ളി മലയിന്‍കീഴ് പോലീസ്. ഓഗസ്റ്റ് 31-നാണ് ഭര്‍ത്താവായ വ്യോമസേന ഉദ്യോഗസ്ഥന്‍, വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ച പരാതിയുമായി മലയിന്‍കീഴ് പോലീസിനെ സമീപിക്കുന്നത്. അടുത്ത ദിവസം ഇതന്വേഷിച്ച് പോലീസ് അവര്‍ താമസിച്ചിരുന്ന വീട്ടില്‍ ചെന്നു. അപ്പോഴാണ് സ്ത്രീ ഭര്‍ത്താവിനെതിരേ മകളെ പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ചതെന്ന് മലയിന്‍കീഴ് എസ്.എച്ച്.ഒ. സൈജു പറഞ്ഞു. ഉടന്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. അവരുടെ നിര്‍ദേശമനുസരിച്ച് കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി മൊഴിയെടുത്തു.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ താന്‍ വാടകയ്ക്കെടുത്ത വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകണമെന്ന് യുവതി അറിയിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. വനിതാ പോലീസിന്റെ സംരക്ഷണത്തോടെ ഇവരെ വീട്ടിലെത്തിച്ചു. അന്ന് അര്‍ധരാത്രിയോടെയാണ് ഇതേവീട്ടില്‍വെച്ച് വ്യോമസേന ഉദ്യോഗസ്ഥന് കഴുത്തില്‍ മുറിവേല്‍ക്കുന്നത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പരിക്കേറ്റയാളെ പാങ്ങോട് മിലിറ്ററി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. സ്ത്രീയെ അവിടെനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറി. അമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. ഒരാഴ്ചയ്ക്കുശേഷം ഇയാളെ മലയിന്‍കീഴ് പോലീസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കിയതായും എസ്.എച്ച്.ഒ. പറഞ്ഞു.