തിരുവല്ലം: വയോധികയെ ചുമരില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിരുദ വിദ്യാര്‍ഥി അലക്സ് ഗോപനുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ദാരുല്‍ സലാം വീട്ടില്‍ ചാന്‍ബീവി(78)യുടെ കഴുത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണമാല കണ്ടെടുക്കുന്നതിനാണ് ഇയാളെ സ്വര്‍ണ പണയ സ്ഥാപനത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. കല്ലിയൂര്‍ പുന്നമൂട് ഭാഗത്തുള്ള സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ നിന്നും മൂന്നര പവന്റെ മാല തിരുവല്ലം പോലീസ് തിരിച്ചെടുത്തു.
ഒരു ലക്ഷം രൂപയ്ക്കാണ് മാല പണയം വെച്ചിരുന്നത്. ശ്യാമ പ്രസാദ് എന്ന പേരിലായിരുന്നു പണയം വെച്ചത്. പലതവണ സ്വര്‍ണം പണയംവെച്ച് പരിചയമുള്ളതിനാല്‍ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ കൈമാറിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
മാലക്കൊപ്പം പണയം വയ്ക്കാന്‍ ശ്രമിച്ച വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് പണയ സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞു. ഈ വളകള്‍ സ്ഥാപനത്തിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് അലക്സ് നല്‍കിയ മൊഴി. അന്വേഷണസംഘം തോട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താനായില്ല.
ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു. പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.ഫോര്‍ട്ട് അസി.കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ തിരുവല്ലം ഇന്‍സ്പെക്ടര്‍ വി.സജികുമാര്‍, എസ്.ഐ. എ.മനോഹരന്‍, സീനിയര്‍ സി.പി.ഒ. എം.മനോജ് കുമാര്‍ എന്നിവരുടെ സംഘമാണ് തെളിവെടുപ്പിനെത്തിയത്.
Content Highlights: thiruvallam old woman murder case