പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ച കേസിലെ രണ്ട് പ്രതികള്‍ക്ക് 30 വര്‍ഷം തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി മംഗലപ്പള്ളി എന്നു വിളിയ്ക്കുന്ന ബിനീഷ് (26), പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് (25) എന്നിവരാണ് പ്രതികള്‍. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്.

2017-ലാണ് സംഭവം. തിരുവല്ല സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ പരാതി നല്‍കി. പോലീസ് പെണ്‍കുട്ടിയെ തിരുവല്ലയിലെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാംപ്രതി രഞ്ജിത്തിന്റെ മൈലപ്രയിലെ വീട്ടില്‍വെച്ച് പീഡനം നടന്നെന്നും തെളിഞ്ഞു. ഇരുപത്തിനാല് സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. തിരുവല്ല സി.ഐ. ആയിരുന്ന ടി. രാജപ്പനും ഡിവൈ.എസ്.പി. ആര്‍. ചന്ദ്രശേഖര പിള്ളയുമാണ് കേസ് അന്വേഷിച്ചത്.