തിരുവല്ല: സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗമായ വനിതയെ പീഡിപ്പിച്ച കേസില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റിലായി. 11-ാം പ്രതി തിരുവല്ല എലിമണ്ണില്‍ സജിയെയാണ് പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. 

ഒന്നുംരണ്ടും പ്രതികളായ കോട്ടാലി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സജിമോന്‍, ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് നാസര്‍ എന്നിവര്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായാണ് പ്രധാന പരാതി. തിരുവല്ല നഗരസഭയിലെ വനിതാ കൗണ്‍സിലര്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം എന്നിവരുള്‍പ്പെടെ 10 പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

പീഡനത്തിനിരയായ വനിത തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. മറ്റുപ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. എല്ലാ പ്രതികളും സി.പി.എം. പ്രവര്‍ത്തകരാണ്.