ആലപ്പുഴ: തോട്ടപ്പള്ളിയിലെ നാടോടിസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊട്ടാരക്കര സ്വദേശിനി മോളമ്മ (പെണ്ണമ്മ-49)യെയാണു തിങ്കളാഴ്ച താമസസ്ഥലത്തിനുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര പുത്തന്‍വീട് സുനിലി(43)ന്റെ അറസ്റ്റാണ് ബുധനാഴ്ച രാവിലെ പതിനൊന്നിന് അമ്പലപ്പുഴ പോലീസ് രേഖപ്പെടുത്തിയത്. പ്രതി മര്‍ദിച്ചതിനെത്തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവമാണു മരണകാരണമെന്നു പോലീസ് അറിയിച്ചു.

കൈനോട്ടവുമായി ജീവിക്കുന്ന ഇവര്‍, ഒരാഴ്ചമുന്‍പാണു തോട്ടപ്പള്ളിയിലെത്തിയത്. മോളമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവാണിത്. സുനിലിന്റെ രണ്ടാമത്തെ ഭാര്യയും. നിയമപരമായി ഇവര്‍ വിവാഹംകഴിച്ചിട്ടില്ല.

ഹരിപ്പാട്, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളിപ്രദേശങ്ങളില്‍ വീടുകളില്‍ കയറിയിറങ്ങി കൈനോട്ടം നടത്തിയാണു ജീവിച്ചിരുന്നത്. ജോലിചെയ്തുകിട്ടുന്ന പൈസയ്ക്കുമു ഴുവനും ഇരുവരും മദ്യപിക്കും. മദ്യപിച്ചശേഷം മോളമ്മ സ്ഥിരമായി സുനിലിനോടു വഴക്കുണ്ടാക്കും. ഇവരെ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങളായി സുനില്‍ ക്രൂരമായി മര്‍ദിച്ചതായി പോലീസ് പറഞ്ഞു.

തലയ്ക്കും വയറിനുമേറ്റ മര്‍ദനത്തെത്തുടര്‍ന്ന് മോളമ്മ രണ്ടുദിവസമായി അവശനിലയിലായിരുന്നു. എന്നാലിവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ത്തന്നെ മരണപ്പെടണമെന്ന ആലോചനയില്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ കിടത്തിയിരിക്കുകയായിരുന്നു.

കൃത്യസമയത്തു ചികിത്സ കിട്ടാതിരുന്നതിന്റെ ഫലമായി ആന്തരികരക്തസ്രാവമുണ്ടായാണു മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച താമസസ്ഥലത്തെത്തിച്ചു തെളിവെടുപ്പുനടത്തി. തലയ്ക്കടിക്കാന്‍ ഉപയോഗിച്ച വടിയും മറ്റും പ്രതി പോലീസിന് കാണിച്ചുകൊടുത്തു.ഇവരുടെകൂടെ താമസിച്ചുവരുന്ന നാടോടികളായ ആളുകളുടെ സാക്ഷിമൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

Content Highlights: third husband arrested in wife`s murder case