മുംബൈ: കോവിഡ് കാലത്ത് ജാഗ്രത കൈവിടാതെ കള്ളന്മാരും. മഹാരാഷ്ട്ര സത്താറ ജില്ലയിലെ ഒരു ജ്വല്ലറിയിലാണ് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാകവചങ്ങളുമായി കള്ളന്മാർ മോഷണത്തിനെത്തിയത്. ജ്വല്ലറിയിൽനിന്ന് 780 ഗ്രാം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.

ലോക്ഡൗൺ കാരണം അടഞ്ഞുകിടന്നിരുന്ന ജ്വല്ലറി ചൊവ്വാഴ്ച തുറന്നപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പിപിഇ കിറ്റ് ധരിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.

പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയിലെ ഷെൽഫുകളിൽനിന്ന് ആഭരണങ്ങൾ എടുക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 780 ഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി. കെട്ടിടത്തിന്റെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്നും ജ്വല്ലറി ഉടമ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Content Highlights:thieves came in ppe kit looted gold from jewellery in maharashtra