കൊച്ചി: രാത്രി നഗരത്തിലെ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട പോണംമൂട് സ്വദേശി ഷിജു (31), നിലമ്പൂര്‍ കുരുളായി സ്വദേശി അഭിലാഷ് (22) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

CCTVമാധവ ഫാര്‍മസി ജംഗ്ഷനിലെ 'സര്‍ദാര്‍ജി കാ ധാഭ' ഹോട്ടലിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ ഹോട്ടലിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ നിന്ന് മൂവായിരം രൂപയും മൂന്ന് ടാബുകളും നാല്പതിനായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

എറണാകുളത്തെ വിവിധ തട്ടുകടകളില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതികള്‍. കട അടച്ച ശേഷം രാത്രി രണ്ടിന് ശേഷമാണ് ഇവര്‍ മോഷണം നടത്തുന്നത്.

ദ്വാരക ജംഗ്ഷനിലുള്ള ഒറാലിയോ ടെക്സ്റ്റൈല്‍സ്, അരുണ്‍ സ്റ്റുഡിയോ തുടങ്ങിയ കടകളില്‍ മോഷണം നടത്തിയതും പൊതുവഴികളില്‍ മദ്യലഹരിയില്‍ കിടക്കുന്നവരുടെ പണം മോഷ്ടിച്ചതും പ്രതി ഷിജു സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റൊരാളുടെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

മോഷണ വസ്തുക്കളില്‍ ടാബുകള്‍ കളമശ്ശേരിയിലെ ഒരു കടയില്‍ നിന്നും പ്രതികള്‍ വിറ്റ മൊബൈല്‍ ഫോണ്‍ സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കച്ചവടം നടത്തുന്ന വ്യക്തിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ സി.ഐ. എ. അനന്തലാല്‍, എസ്.ഐ.മാരായ എസ്. വിജയശങ്കര്‍, എം.ജി. ശ്യാം തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.