ഗുവാഹാട്ടി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ കിച്ച്ഡിയുണ്ടാക്കിയ കള്ളന്‍ പോലീസിന്റെ പിടിയിലായി. അസമിലെ ഗുവാഹാട്ടിയിലാണ് കവര്‍ച്ചയ്ക്കിടെ കിച്ച്ഡിയുണ്ടാക്കാന്‍ ശ്രമിച്ചതോടെ മോഷ്ടാവിന് പിടിവീണത്. 

കഴിഞ്ഞദിവസം ഗുവാഹാട്ടി ഹെങ്കരാബാരിയിലായിരുന്നു സംഭവം. ആളില്ലാത്ത വീട് നോക്കിയാണ് കള്ളന്‍ മോഷ്ടിക്കാന്‍ കയറിയത്. കവര്‍ച്ചയ്ക്കിടെ വിശന്നതോടെ അടുക്കളയില്‍ കയറി കിച്ച്ഡിയുണ്ടാക്കുകയായിരുന്നു. ഇതിനിടെ വീട്ടിലെ അടുക്കളയില്‍നിന്ന് സമീപവാസികള്‍ ശബ്ദം കേട്ടു. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് അറിയാവുന്ന അയല്‍ക്കാര്‍ ഇതോടെ ഓടിവരികയും മോഷ്ടാവിനെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. 

സംഭവത്തെക്കുറിച്ച് അസം പോലീസ് രസകരമായ ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും മോഷണത്തിനിടെ കിച്ച്ഡിയുണ്ടാക്കാനുള്ള ശ്രമം ഹാനികരമാകുമെന്നാണ് അസം പോലീസ് ട്വിറ്ററില്‍ കുറിച്ചത്. മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും ഗുവാഹാട്ടി പോലീസ് അയാള്‍ക്ക് ചൂടുള്ള ഭക്ഷണം വിളമ്പിനല്‍കുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു. ഒട്ടേറെപേര്‍ അസം പോലീസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

Content Highlights: thief in assam cooks khichdi in the middle of burglary arrested by police