തിരൂരങ്ങാടി: തെന്നലയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ് താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍ അന്വേഷിക്കും. നേരത്തേ തിരൂരങ്ങാടി സി.ഐ. അന്വേഷിച്ചിരുന്ന കേസാണ് ഡിവൈ.എസ്.പി.ക്ക് കൈമാറി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്.

കേസില്‍ നേരത്തേ റിമാന്‍ഡിലായിരുന്ന തെന്നല സ്വദേശി ശ്രീനാഥിന്റെ ഡി.എന്‍.എ. ഫലം നെഗറ്റീവ് ആകുകയും 35 ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. തനിക്കെതിരേയുണ്ടായ വ്യാജ പരാതിയില്‍ അറസ്റ്റുചെയ്ത് മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ശ്രീനാഥ് രംഗത്തെത്തുകയുണ്ടായി.

സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹാരസമരം നടത്തിയ ശ്രീനാഥും കുടുംബവും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ പിടകൂടണമെന്നും ശ്രീനാഥ് ആവശ്യപ്പെട്ടിരുന്നു. കൗണ്‍സലിങ്ങിന് വിധേയമാവുന്ന വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാനാണ് പോലീസിന്റെ നീക്കം.