തിരുവനന്തപുരം: ട്രെയിന്‍യാത്രക്കാരിക്ക് ഭക്ഷണവസ്തു നല്‍കി മയക്കിക്കിടത്തിയ ശേഷം മൊബൈല്‍ഫോണ്‍ കവര്‍ന്നെന്ന കേസില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍.

പശ്ചിമബംഗാള്‍ ബര്‍ദമാന്‍ ഗ്രാമത്തിലെ തൗസിഫി (34) നെയാണ് തിരുവനന്തപുരം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൊബൈല്‍ഫോണും കണ്ടെടുത്തിട്ടുണ്ട്. സെപ്തംബര്‍ 11-നായിരുന്നു കേസിനാസ്പദമായ സംഭവം.

നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണജയന്തി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കൗസല്യ എന്ന യാത്രക്കാരിയുടെ 15,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാണ് കേസ്. നഷ്ടപ്പെട്ട ഫോണ്‍ സിം കാര്‍ഡ് മാറ്റി ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്.