തിരുവില്വാമല: ടൗണിലെ ഏഴ് കടകളില്‍ മോഷണം നടന്നു. പാലക്കാട് റോഡിലുള്ള ബൈ ബാസാര്‍ സൂപ്പര്‍മാര്‍ക്കറ്റ്, ജി.കെ. ഇലക്ട്രിക്കല്‍സ്, സുബ്രഹ്മണ്യ സ്റ്റോഴ്സ്, അശ്വിനി മെഡിക്കല്‍സ്, തൃശ്ശൂര്‍ റോഡിലുള്ള റിങ്സ് മൊബൈല്‍ ഷോപ്പ്, തിരുവില്വാമല സഹകരണബാങ്കിനു കീഴിലുള്ള നീതി സ്റ്റോര്‍, എസ്.എം. തിയേറ്ററിനു സമീപത്തുള്ള ഫ്രീക്ക് മൊബൈല്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ആകെ 5.17 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. റിങ്സ് മൊബൈല്‍ ഷോപ്പില്‍നിന്ന് 24 ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകള്‍ അപഹരിച്ചു.

ഈ ഷോപ്പില്‍നിന്ന് മൂന്നുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഷോപ്പുടമ സജിത്തിന്റെ ടാബും കള്ളന്മാര്‍ കൊണ്ടുപോയി. ഇവിടെ ഡയറിയിലെ താളുകള്‍ കീറിയെടുത്ത് വിരലടയാളങ്ങള്‍ തുടച്ചുമാറ്റാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഫ്രീക്ക് മൊബൈല്‍ ഷോപ്പില്‍നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന 15 ആന്‍ഡ്രോയിഡ് ഫോണുകളും 48,000 രൂപയും ഏതാനും ബേസ് മോഡല്‍ ഫോണുകളും റിപ്പയര്‍ ചെയ്യാന്‍ സൂക്ഷിച്ച അഞ്ച് ഫോണുകളും എടുത്തിട്ടുണ്ട്.

ബൈ ബാസാര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 8000 രൂപയും റെഡ് ബുള്ളിന്റെ 20 സോഫ്റ്റ് ഡ്രിങ്കുകളും മോഷ്ടിച്ചു. ഇവിടെയുള്ള സി.സി.ടി.വി.യില്‍ ഹെല്‍മെറ്റ് ധരിക്കാത്ത മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഈ സി.സി.ടി.വി. ക്യാമറയില്‍ ദൃശ്യം അവ്യക്തമാകാന്‍, കോഴിമുട്ടയെറിഞ്ഞിട്ടുമുണ്ട്. അരിക്കടയായ സുബ്രഹ്മണ്യ സ്റ്റോഴ്സിലെ മേശവലിപ്പില്‍നിന്ന് 11,000 രൂപയും ഒരു മൊബൈല്‍ ഫോണും മോഷ്ടിച്ചതായി കടയുടമ വെള്ളിഗിരി പറഞ്ഞു.

ഷട്ടറുകളുടെ പൂട്ട് പൊളിക്കാതെ, നടുഭാഗം ഒരാള്‍ കടക്കാവുന്നവിധം അകത്തിയാണ് കള്ളന്മാര്‍ ഉള്ളില്‍ കടന്നത്. ചില്ലുവാതിലുകള്‍ ഉള്ള കടകളുടെ ചില്ലും തകര്‍ത്താണ് ഉള്ളില്‍ പ്രവേശിച്ചിട്ടുള്ളത്. ആലത്തൂര്‍ റോഡില്‍ തട്ടുകട നടത്തുന്ന ആര്‍. പ്രകാശന്‍ പുലര്‍ച്ചെ മൂന്നരയോടെ കട തുറക്കാനെത്തിയപ്പോഴാണ് ജി.കെ. ഇലക്ട്രിക്കല്‍സിന്റെ ഷട്ടര്‍ തുറന്നുകിടക്കുന്നത് കാണുന്നത്. സി.സി.ടി.വി.യിലെ ദൃശ്യത്തില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ, ഉയരം കുറഞ്ഞ നാല് ചെറുപ്പക്കാരാണ് മോഷണം നടത്തിയതെന്നുകാണാം.

പഴയന്നൂര്‍ എസ്.ഐ. കെ. അജീഷ്, സി.ഐ. ജെ. നിസാമുദ്ദീന്‍, ഗിരീഷ്, പ്രദീപ്, കെ.09 സ്‌ക്വാഡിലെ പി. പ്രവീണ്‍, പി.ഡി. അലോഷി, വിരലടയാളവിദഗ്ധരായ കെ.എസ്. ദിനേശന്‍, കെ.വി. ജിംഷ എന്നിവര്‍ അന്വേഷണത്തിനെത്തി.

മോഷണസംഘം പൊള്ളാച്ചിയില്‍ വലയിലായതായി സൂചന

തിരുവില്വാമല: തിരുവില്വാമല ടൗണില്‍ മോഷണം നടത്തിയവര്‍ പൊള്ളാച്ചിയില്‍ പോലീസ് വലയിലായതായി സൂചന. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലുള്ള ഹോട്ടലില്‍നിന്നാണ് നാല്‍വര്‍സംഘം വലയിലായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. 30 വയസ്സിനുതാഴെയുള്ള രണ്ട് മലയാളികളും രണ്ട് തമിഴ്നാട്ടുകാരും ഉള്‍പ്പെടുന്ന അന്തസ്സംസ്ഥാന മോഷ്ടാക്കളാണിവര്‍. മൊബൈല്‍ ഷോപ്പില്‍ സര്‍വീസിനെത്തിച്ച മൊബൈലിലെ സിം കാര്‍ഡ് ട്രാക്ക് ചെയ്തതിലൂടെ ഇവരെ എളുപ്പത്തില്‍ കുടുക്കാന്‍ കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ ആലത്തൂരിലുണ്ടായ എട്ട് മോഷണക്കേസുകളിലെ പ്രതികളും ഇവരാണെന്നാണ് പോലീസ് നിഗമനം. 

Content Highlights: theft in thiruvillamala