കൊച്ചി: നഗരത്തിലെ തുടര്‍മോഷണ സംഭവത്തില്‍ പിടിയിലായ അന്തസ്സംസ്ഥാന മോഷ്ടാക്കളുമായി പോലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ, അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപമുള്ള ഗോര്‍മെറ്റ് സൂപ്പര്‍മാര്‍ക്കറ്റ്, മോഷണശ്രമം നടത്തിയ എളമക്കര ഗ്രാന്‍ഡ്ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ്, കലൂര്‍ കറുകപ്പിള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പ്രതികളെ എത്തിച്ചത്.

ബംഗാള്‍ സ്വദേശികളായ സംസുജുവ (28), മുക്താറുല്‍ ഹക്ക് (28) എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ നഗരത്തില്‍ മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയതായാണ് വിവരം. ഇതിനായി വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

പനമ്പിള്ളിനഗറിലെ നീലഗിരി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തി 6,87,835 രൂപ കവര്‍ന്ന ശേഷം വിമാനമാര്‍ഗം മുങ്ങിയ പ്രതികള്‍ പിന്നീട് വീണ്ടും മോഷണത്തിനായി വിമാനമാര്‍ഗംതന്നെ തിരികെ കൊച്ചിയിലേക്ക് എത്തുകയായിരുന്നു. മോഷ്ടിച്ച പണം ആര്‍ഭാട ജീവിതത്തിനായി പ്രതികള്‍ ഉപയോഗിച്ചെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ പനമ്പിള്ളിനഗറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസില്‍ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.