ചെറുകുന്ന്: പ്രമുഖ സീരിയല്‍ നടി ശ്രീകലയുടെ കണ്ണപുരം ഇടക്കേപ്പുറം വടക്കുള്ള വീട്ടില്‍ കവര്‍ച്ച നടന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീകലയുടെയും സഹോദരി അഡ്വ. ശ്രീജയ ശശിധരന്റെയും വീട്ടില്‍നിന്നാണ് 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.

ഈ മാസം 15-നാണ് സംഭവമെന്ന് കണ്ണപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഡ്വ. ശ്രീജയയും പിതാവും ജോലിക്ക് പോയി 15-ന് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 

വീടിന്റ പിറകുവശത്തെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന സ്വര്‍ണമാലയും വളകളും ഉള്‍പ്പെടെയുള്ള അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.

കണ്ണപുരം പ്രിസിപ്പല്‍ എസ്.ഐ. വി.ആര്‍. വിനീഷ്, എസ്.ഐ. സി.ജി. സാംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരില്‍നിന്നുള്ള വിരലടയാളവിദഗ്ധരും പരിശോധന നടത്തി.

Content Highlights: Theft in serial actress sreekala sasidharan house