കോയമ്പത്തൂര്‍: ലോട്ടറി നടത്തിപ്പുകാരനും വ്യവസായിയുമായ സാന്റിയാഗോ മാര്‍ട്ടിന്റെ സഹോദരന്‍ വേദമുത്തുവിനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടില്‍ മോഷണം. 30 പവന്റെ ആഭരണങ്ങളും 45,000 രൂപയുമാണ് കവര്‍ന്നത്. ഉരുമണ്ടംപാളയം രാഘവേന്ദ്ര കോളനിയിലെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. വേദമുത്തു, ഭാര്യ സെബാസ്റ്റി, വീട്ടുജോലിക്കാരി അരുള്‍മേരി എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം.

അഞ്ചംഗ സംഘം മതില്‍ ചാടിക്കടന്ന് ഇരുമ്പുദണ്ഡുകൊണ്ട് മുന്‍വാതില്‍ പൊളിച്ചാണ് വീടിനകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്ന മൂന്നു പേരെയും കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. വേദമുത്തുവും സെബാസ്റ്റിയും അരുള്‍മേരിയും പരസ്പരം സഹായിച്ച് കെട്ടഴിക്കുകയായിരുന്നു. ഉടന്‍ തുടിയല്ലൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ പോലീസ് എത്തി.

മോഷണസംഘത്തിലെ നാലു പേര്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് കുമാര്‍ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. പോലീസ് നായയെയും കൊണ്ടുവന്നിരുന്നു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോഷണസംഘത്തിലെന്ന പ്രാഥമികനിഗമനത്തിലാണ് അന്വേഷണം. സമീപത്തെ സി.സി.ടി.വി. ദശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

Content Highlights: theft in santiago martin's brother's home