കൊട്ടിയം:സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ആശുപത്രി അറ്റന്‍ഡര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ആശുപത്രി അറ്റന്‍ഡര്‍ കൊട്ടിയം കമ്പിവിള ബോബന്‍ നിവാസില്‍ ബോബന്‍ (46), ആലുവ കടങ്ങല്ലൂര്‍ ശങ്കര്‍ നിവാസില്‍ ഉണ്ണി (39), മയ്യനാട് ധവളക്കുഴി കമ്പനി തൊടിയില്‍ സനോജ് (40) എന്നിവരാണ് അറസ്റ്റിലായത്.

ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ നഴ്‌സിങ് റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണമാണ് അറ്റന്‍ഡറായ ബോബന്‍ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയതിനുശേഷമാണ് മോഷണം നടത്തിയത്. ആഭരണം മറ്റൊരു പ്രതിയായ ഉണ്ണിയെ ഏല്‍പ്പിച്ച് ആശുപത്രിയില്‍നിന്നു കടത്തി.

സനോജിന്റെ സഹായത്തോടെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചു ലഭിച്ച പണം മൂവരും പങ്കിട്ടെടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സ്വര്‍ണം പോലീസ് കണ്ടെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ എം.സി.ജിംസ്റ്റലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത് ബി.നായര്‍, അനൂപ്, പി.ജി.അഷ്ടമന്‍, എ.എസ്.ഐ. സുനില്‍കുമാര്‍, സി.പി.ഒ.മാരായ പ്രശാന്ത്, പ്രവീണ്‍ചന്ദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.