വളാഞ്ചേരി: വളാഞ്ചേരിയിൽ നഹ്ദി കുഴിമന്തി ഹോട്ടലിൽനിന്ന് പത്തു ലക്ഷത്തോളംരൂപ കവർന്നത് മുൻ ജീവനക്കാരനും ബന്ധുവായ സഹായിയുമെന്ന് പോലീസ്. ബന്ധുക്കളും സുഹൃത്തുക്കളുമായ മഞ്ചേരി കടമ്പോട് ഓളിക്കൽ വീട്ടിൽ ഷറഫുദ്ദീൻ (22), മുഹമ്മദ് ഷമീൽ (24) എന്നിവരാണ് കഴിഞ്ഞദിവസം വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്

മൂന്നരവർഷമായി ഹോട്ടലിൽ കിച്ചൺമാനേജരായിരുന്നു ഒന്നാംപ്രതിയായ ഷറഫുദീൻ. ഇയാളെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ സംഭവത്തിന് പത്തു ദിവസംമുമ്പ് ഹോട്ടലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഹോട്ടലിന്റെ താക്കോലും മറ്റുംസൂക്ഷിക്കുന്ന സ്ഥലം വ്യക്തമായി അറിയുന്ന പ്രതി വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് സ്ഥാപനത്തിന്റെ അകത്തുകയറി കാഷ്കൗണ്ടറിന്റെ പൂട്ടുപൊളിച്ച് അതിനകത്തുണ്ടായിരുന്ന പത്ത് ലക്ഷത്തോളം രൂപ കവരുകയായിരുന്നു. ഈ പണവുമായി രണ്ടാംപ്രതിയുടെ സഹായത്തോടെ ഇയാൾ ഊട്ടിയിലേക്ക് കടന്നു.

കളവ് നടത്തുന്നതിനുമുമ്പ് ഹോട്ടലിൽ ഉണ്ടായിരുന്ന സി.സി.ടി.വി. കാമറകളുടെ ബന്ധം വിച്ഛേദിക്കാൻ പ്രതി ശ്രമിച്ചെങ്കിലും ഇത് പൂർണമായി വിജയിച്ചില്ല. ഇതാണ് പ്രതിക്ക് വിനയായത്. ഇയാളുടെ ശരീരചലനങ്ങൾ നീരീക്ഷണകാമറയിൽ പതിഞ്ഞത് സൂക്ഷ്മമായി പരിശോധിച്ചതിൽ അകത്തുകടന്നത് മുൻ ജീവനക്കാരനാണെന്നും തുടർന്നുനടന്ന അന്വേഷണത്തിൽ ഇയാൾ സ്ഥലത്തില്ലെന്നും മനസ്സിലായി. പ്രതി ഊട്ടിയിലുണ്ടെന്ന സൂചന കിട്ടിയതിനെത്തുടർന്ന് അന്വേഷണസംഘം അവിടെയെത്തി ലോഡ്ജുകളിൽ വ്യാപകപരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച പണവും ഇവരിൽനിന്നു കണ്ടെടുത്തു.

പോലീസിന്റെ പെട്ടെന്നുള്ള അന്വേഷണമാണ് മോഷണമുതൽ ഒട്ടും നഷ്ടപ്പെടാതെ തിരിച്ചുകിട്ടാൻ സഹായിച്ചതെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ പറഞ്ഞു. പ്രതികൾ മോഷണത്തിനുപയോഗിച്ച് രക്ഷപ്പെട്ട ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തിനുശേഷം ചെക്ക്പോസ്റ്റിൽ പോലീസിനെ വെട്ടിച്ചാണ് ഇവർ അതിർത്തി കടന്നതെന്നും പോലീസ് പറഞ്ഞു.

രണ്ടാംപ്രതി മുഹമ്മദ് ഷമീൽ ഇതരസംസ്ഥാനങ്ങളിൽനിന്നും കഞ്ചാവ് വാങ്ങി നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നും കൂടാതെ പാണ്ടിക്കാട് പോലീസ് േസ്റ്റഷനിൽ അടിപിടിക്കേസിൽ ഇയാൾക്കെതിരേ ക്രിമിനൽകേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബു എന്നിവരുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. ഷമീറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. കെ.പി. ആനന്ദ്, അഡീഷണൽ എസ്.ഐ. മുഹമ്മദ് റാഫി, എ.എസ്.ഐ. രാജൻ, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, രാധാകൃഷ്ണൻ, എസ്.സി.പി.ഒ. ശ്രീജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ തിരൂർ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.