മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കൊളത്താപ്പിള്ളില്‍ മീരാന്റെ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണമാണ് കവര്‍ന്നത്. രാത്രി മീരാനും ഭാര്യ ഷെരീഫയും അടുത്തുള്ള ഇളയമകന്റെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ഓടെ വീട്ടിലെത്തിയ ഷെരീഫയ്ക്ക് മുന്‍വശത്തെ വാതില്‍ തുറക്കാനായില്ല. പിന്നിലെ വാതില്‍ ചാരിയിട്ടിരിക്കുകയായിരുന്നു. അകത്തുകയറിയപ്പോള്‍ അലമാരയും മറ്റും കുത്തിത്തുറന്ന് എല്ലാം വാരിനിരത്തിയ നിലയിലായിരുന്നു.

വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് കടന്ന മോഷ്ടാക്കള്‍, ഈ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം പിന്‍വാതിലിലൂടെയാണ് പോയത്. അടുത്തുള്ള വീട്ടില്‍നിന്ന് തൂമ്പയെടുത്ത് വാതില്‍പ്പാളി അകത്തിയാണ് പൂട്ട് പൊളിച്ചിരിക്കുന്നത്. തൂമ്പ വീടിനടുത്തുനിന്ന് കണ്ടെത്തി. വാതില്‍പ്പടികളിലും അലമാരയുടെ ഭാഗങ്ങളിലും നിലത്തും മഞ്ഞള്‍പ്പൊടി തൂവിയിട്ടുണ്ട്. പോലീസ് നായയ്ക്ക് മണം കിട്ടാതിരിക്കാനാണിതെന്നാണ് പോലീസ് നിഗമനം.

ഞായറാഴ്ച രാത്രി 11 വരെ പ്രദേശത്ത് ആളുകളുണ്ടായിരുന്നു. 12.30-നുശേഷം പുളിഞ്ചുവട് ജോവിയല്‍ വില്ലയ്ക്ക് സമീപത്തെ രണ്ടു വീടുകളില്‍ മോഷണ ശ്രമം ഉണ്ടായി. നാട്ടുകാര്‍ അറിഞ്ഞെത്തിയതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇതേ സംഘം തന്നെയാണ് കവര്‍ച്ച നടത്തിയതെങ്കില്‍ പുലര്‍ച്ചെ രണ്ടുമണിയോടടുത്ത സമയത്തായിരിക്കുമെന്നാണ് കരുതുന്നത്.

അടുത്തുള്ള മൂന്നു വീടുകളുടെ പിന്‍ഭാഗത്തും എം.സി. റോഡിലെ ഒരു ഹോട്ടലിനു പിറകിലും സംഘം ചെന്നതായി പോലീസ് നായ കണ്ടത്തി.

രാത്രി ആളില്ലെന്ന് അറിഞ്ഞ് നടത്തിയതോ?

കൊറോണ വന്നതോടെ മൂന്നു മാസമായി മീരാനും ഭാര്യയും വൈകീട്ട് മകന്‍ ഷെറീഫിന്റെ വീട്ടിലേക്ക് പോകും. പിറ്റേന്ന് രാവിലെയാണ് തിരിച്ചെത്താറുള്ളത്.

ഷെറീഫ് താമസിക്കുന്നത് എം.സി. റോഡിനു മറുവശത്താണ്. മീരാന്റെ വീട് റോഡിന് എതിര്‍ ദിശയില്‍ ഉള്ളിലേക്ക് 200 മീറ്റര്‍ മാറിയും. ഇത് മനസ്സിലാക്കിയാണ് കവര്‍ച്ച നടത്തിയതെന്നും സംശയിക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് വിരമിച്ച മീരാനും ഭാര്യയും നേരത്തെ ഈ വീട്ടില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. കുട്ടികളുടേയും മറ്റും ആഭരണങ്ങളാണ് കവര്‍ന്നത്. ബാങ്കിലായിരുന്ന ആഭരണങ്ങള്‍ കുറച്ചു നാള്‍ മുന്‍പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഇവ തിരിച്ചു വയ്ക്കാനിരിക്കെയാണ് കവര്‍ച്ച.

കൊച്ചു മകള്‍ക്കായി കരുതിയ സമ്പാദ്യം

മൂവാറ്റുപുഴ: കൊച്ചുമകള്‍ക്കായി മീരാനും കുടുംബവും സൂക്ഷിച്ച ആഭണങ്ങളാണ് നഷ്ടപ്പെട്ടത്. കെ.എസ്.ആര്‍.ടി.സി.യില്‍ ജോലി ചെയ്തും വണ്ടി ഓടിച്ചും ചെറിയ ബിസിനസുകള്‍ ചെയ്തും സമ്പാദിച്ചത് മുഴുന്‍ കവര്‍ച്ച സംഘം കൊണ്ടുപോയി. പ്രായമായ രണ്ടുപേര്‍ മാത്രമായി ഒറ്റയ്ക്ക് കിടക്കേണ്ടെന്നതിനാലാണ് ഇവര്‍ ദിവസവും വൈകീട്ട് വീടടച്ച് മുന്‍ വശത്തെ ലൈറ്റും ഇട്ട് അടുത്തുള്ള വീട്ടിലേക്ക് പോയിരുന്നത്.