കിളിമാനൂര്‍: കിളിമാനൂര്‍ കൊട്ടാരം അംഗവും റിട്ട. അധ്യാപികയുമായ പദ്മകുമാരിയുടെ അയ്യപ്പന്‍കാവ് പദ്മവിലാസ് പാലസ് വീട്ടില്‍നിന്നു പുരാവസ്തുമൂല്യമുള്ള സാധനങ്ങള്‍ കവര്‍ന്നു. പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന 150-ലധികം വര്‍ഷം പഴക്കമുള്ള പാത്രങ്ങളും ഭരണികളുമാണ് നഷ്ടമായത്.

ഏറെനാളായി ആള്‍ത്താമസമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു വീട്. 70 കിലോയോളം തൂക്കംവരുന്ന വാര്‍പ്പുകള്‍, 45 കിലോ തൂക്കംവരുന്ന വലിയ ഉരുളി, 30 കിലോ തൂക്കംവരുന്ന മറ്റൊരു ഉരുളി, നിലകാത്, ചട്ടി, വെള്ളഭരണി, ചീനഭരണി എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് ഇവര്‍ കിളിമാനൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പദ്മകുമാരിയുടെ വീടിനു സമീപത്തുള്ള പൂട്ടിയിട്ടിരിക്കുന്ന മറ്റൊരു വീട്ടില്‍ മോഷണശ്രമമുണ്ടായി. ഗോപാലകൃഷ്ണ ശര്‍മയെന്നയാളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് മോഷണശ്രമം നടത്തിയിരിക്കുന്നത്. എന്നാല്‍, ഇവിടെനിന്നു വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല.

ഞായറാഴ്ച ഗോപാലകൃഷ്ണ ശര്‍മയുടെ വീടിന്റെ സമീപത്തുള്ള ബന്ധു മുന്‍വാതില്‍ തുറന്നു കിടക്കുന്നതു കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്.

ഇവിടെയുള്ള വസ്തുക്കള്‍ വാരിവലിച്ചിട്ടനിലയിലാണ്. ഇതേത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി മടങ്ങി. ഇതറിഞ്ഞ് പിന്നീട് പദ്മകുമാരിയുടെ വീട്ടില്‍ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.

പദ്മവിലാസ് പാലസില്‍നിന്നു നഷ്ടപ്പെട്ട പാത്രങ്ങള്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്നും പാരമ്പര്യമായി കിട്ടിയവയായിരുന്നു. വെള്ളോടില്‍ തീര്‍ത്ത ഏറെക്കാലത്തെ പഴക്കമുണ്ടായിരുന്ന പാത്രങ്ങളില്‍ കിളിമാനൂര്‍ കൊട്ടാരം, കിളിമാനൂര്‍ കൊട്ടാരം ചിത്തിര ഭരണി വക എന്നെല്ലാം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നതായി പദ്മകുമാരിയുടെ ഭര്‍ത്താവ് ആര്‍.ആര്‍.തമ്പുരാന്‍ പറഞ്ഞു.

വീടിന്റെ തെക്കുഭാഗത്തെ വാതില്‍ പൊളിച്ച് അകത്തുകയറിയ ശേഷം ഓട് പൊളിച്ചാണ് പാത്രങ്ങള്‍ ഇരുന്ന മുറിയിലേക്കിറങ്ങിയത്. പുതിയ വീട് നിര്‍മിച്ച് അടുത്തിടെ താമസമായതിനാല്‍ പഴയ വീട്ടിലേക്ക് ആരും വരാറില്ലായിരുന്നു. ഇവിടെനിന്ന് തേങ്ങയും പൊതിക്കാനുപയോഗിക്കുന്ന കമ്പിപ്പാരയും മോഷ്ടാക്കള്‍ എടുത്തിട്ടുണ്ട്.

മോഷണം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മോഷണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ് പറഞ്ഞു.